ഇൗ കോവിഡ് കാലത്ത് ലോക്ഡൗണിൽ ആളുകൾ അടച്ചിട്ട് വീട്ടിനകത്ത് കഴിയുമ്പോൾ ഇൗ രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് വിശ്രമമില്ല. നീലേശ്വരം ബസ്​സ്​റ്റാൻഡിനു സമീപത്തെ ഓട്ടോ സ്​റ്റാൻഡിലെ ഡ്രൈവർമാരായ ഹരീഷ് കരുവാച്ചേരിയും എ. രതീഷുമാണ് അവരുടെ ആരോഗ്യ സംരക്ഷണം മാറ്റിവെച്ച്​ കോവിഡ് രോഗികൾക്കായി കർമരംഗത്തുള്ളത്.
കോവിഡ് ലക്ഷണമുള്ളവരെ പരിശോധനക്കും ആശുപത്രിയിലേക്കും പോകേണ്ടവരെ വാടക മിതമായ നിരക്ക് വാങ്ങിച്ചാണ് ഇവർ എത്തിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രി അധികൃതർ ഹരീഷിനും രതീഷിനും എല്ലാവിധ നിർദേശവും പ്രോത്സാഹനവും നൽകുന്നുണ്ട്​.

ആര് എപ്പോൾ എവിടെനിന്ന് ഏത് സമയത്ത് വിളിച്ചാലും ഇവർ ഓട്ടോയുമായി ഓടിയെത്തും. ഇതിനകം നൂറിലധികം കോവിഡ് രോഗികൾക്ക് ഇവരുടെ ‘ഓട്ടോ ആംബുലൻസ്’ സർവിസ് ആശ്വാസം പകർന്നിട്ടുണ്ട്.

അതുപോലെ നീലേശ്വരത്ത്​ എന്ത്​ അപകടം നടന്നാലും ഇവർ ഓടിയെത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും എപ്പോഴും മുന്നിൽ തന്നെയുണ്ടാവും. 24 മണിക്കൂറും ഇവരുടെ സേവനം നീലേശ്വരത്തെ ആളുകൾക്ക് ലഭിക്കുന്നത് വലിയ ആശ്വാസമാകുന്നു

Leave a Reply

Your email address will not be published. Required fields are marked *