കൊല്ലം വിസ്മയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്.ആത്മഹത്യ ചെയ്ത വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നത് തെളിയിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവ് കിരണ്‍ കുമാര്‍ മര്‍ദിച്ചിരുന്നെന്ന് വിസ്മയ കരഞ്ഞു പറയുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്.കിരൺ കുമാറിന്‍റെ വീട്ടിൽ നിൽക്കാനാകില്ലെന്നും എനിക്ക് സഹിക്കാൻ സാധിക്കില്ലെന്നുമാണ് വിസ്മയയുടെ വെളിപ്പെടുത്തൽ.തന്നെ ഇവിടെ നിര്‍ത്തിയിട്ട് പോകുകയാണെങ്കില്‍ ഇനി ആരും തന്നെ കാണില്ലെന്ന് വരെ വിസ്മയ അച്ഛനോട് പറയുന്നുണ്ട്. തനിക്ക് വീട്ടിലേക്ക് വരണമെന്ന് പറയുന്ന വിസ്മയയോട് ഇങ്ങോട്ട് വന്നോളൂ എന്ന് അച്ഛന്‍ പറയുന്നുണ്ട്. തന്നെ കിരണ്‍ കുമാര്‍ മര്‍ദിക്കുമെന്നും തനിക്ക് പേടിയാകുന്നുവെന്നും ഇറങ്ങിപ്പോകാന്‍ വരെ പറയുന്നുവെന്നും വിസ്മയ പറയുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ദേഷ്യം വരുമ്പോള്‍ പറയുന്നതാണെന്നും എല്ലാവരും ഇങ്ങനെയാകാമെന്നും പറഞ്ഞ് അച്ഛന്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതായി ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം.കഴിഞ്ഞ ജൂൺ 21നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നാളെയാണ് കേസില്‍ കോടതി വിധി പറയുന്നത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് നാളെ വിധി പ്രഖ്യാപനം നടത്തുക. വിസ്മയയുടെ ഭര്‍ത്താവായിരുന്ന കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി.

Leave a Reply

Your email address will not be published. Required fields are marked *