കണമലയിൽ രണ്ട് പേരെ കുത്തിക്കൊന്ന കാട്ടുപോത്തിന് വെടി ഏറ്റിട്ടുണ്ടെന്ന് വനം വകുപ്പ്. വെടി ഏറ്റതിന് ശേഷമാണ് കാട്ടുപോത്ത് നാട്ടിലിറങ്ങിയതെന്നും വെടി വെച്ച നായാട്ടുകാർക്കായി വനം വകുപ്പിന്റെ തിരച്ചിൽ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
ഇന്നലെ നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിന് വെടിയേറ്റ വിവരം വനംവകുപ്പ് അറിഞ്ഞത്. വെടിയേറ്റത്തിന്റെ പ്രകോപനത്തിലായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. വനംവകുപ്പ് ഡിഎഫ്ഒ അടക്കം ഇക്കാര്യം വ്യക്തമാക്കുന്നു. ജനവാസ മേഖലയിലേക്ക് കാട്ടുപോത്ത് എങ്ങനെയെത്തിയെന്ന അന്വേഷണം പുരോഗമിക്കവെയാണ് കണ്ടെത്തൽ. നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച അന്വേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ശബരിമല വനംമേഖലയിൽ നിന്നാണ് കാട്ടുപോത്ത് ജനവാസമേഖലയിലെത്തിയത്.

കാട്ടുപോത്തിന് ഉൾവനത്തിൽ വച്ചാണ് വെടിയേറ്റതെന്നാണ് വനവകുപ്പിന്റെ സംശയം. വെടിവച്ച നായാട്ട് സംഘത്തെ കുറിച്ചുള്ള സൂചന വനംവകുപ്പിന് ലഭിച്ചതായാണ് റിപ്പോർട്ട്. ഉടൻ തന്നെ സംഘത്തെ പിടികൂടിയേക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

എന്നാൽ വനം വകുപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സമര സമിതി. കണമലയിൽ കാട്ടുപോത്തിനെ നായാട്ടു സംഘം വെടിവെച്ചെന്ന വാദം തെറ്റാണെന്ന് സമര സമിതി വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥർ പോത്തിനെ കണ്ടിട്ട് പോലുമില്ല. പോത്തിനെ കണ്ട രണ്ട് പേർ കൊല്ലപ്പെട്ടു. വെടിയേറ്റിരുന്നു എങ്കിൽ പോത്ത് കാട്ടിലേക്ക് കയറി പോയേനെയെന്നും സമര സമിതി ചെയർമാൻ പി ജെ സെബാസ്റ്റ്യൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *