തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ ആര് ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് ഉദ്ഘാടന ചടങ്ങ്. ജനുവരി 9 മുതല്‍ 15 വരെയായി നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീര്‍ പ്രകാശനവും നിയമസഭ മന്ദിര പരിസരത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഞായറാഴ്ച വൈകിട്ട് പത്നി സുദേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുത്തെത്തിയ ഉപരാഷ്ട്രപതിക്ക് വിമാനത്താവളത്തിൽ ആരിഫ് മുഹമ്മദ്ഖാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.
മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, പൊലീസ് മേധാവി അനിൽ കാന്ത്, അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച അദ്ദേഹം ഭാര്യസമേതം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.
സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തശേഷം ഉപരാഷ്ട്രപതി പകൽ ഒന്നിന് കണ്ണൂരിലെത്തും. തുടർന്ന് റോഡുമാർഗം 2.25ന് തലശേരിയിലും വ്യോമസേനയുടെ ഹെലികോപ്റ്ററിൽ 3.30ന് ഏഴിമല നാവികസേന അക്കാദമിയിലുമെത്തും. വൈകിട്ട് 5.50ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഉപരാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.