തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് യുവ കോൺഗ്രസ് എംഎൽഎ നയന മോട്ടമ്മ. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നയനയുടെ ചില സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് രാഷ്ട്രീയ എതിരാളികളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്.

‘പരാജയപ്പെട്ടതിന്റെ നിരാശ നിങ്ങളെ വേട്ടയാടാൻ അനുവദിക്കരുത്. രാഷ്ട്രീയം, ഞാൻ, എന്റെ നിലപാടുകൾ, എന്റെ വ്യക്തി ജീവിതം ഇതൊന്നും അറിയാത്ത വിഡ്ഢികൾക്കുള്ള മറുപടിയാണിത്’- നയന പറയുന്നു. ഒരു നിയമസഭാംഗമെന്ന നിലയിൽ തന്റെ കടമ നിർവഹിക്കുന്നതിന് വ്യക്തിജീവിതം എങ്ങനെ തടസ്സമാകുമെന്നും അവർ ചോദിച്ചു.

‘ഞാൻ ചില വസ്ത്രങ്ങൾ ധരിക്കുന്നത് കാരണം എനിക്ക് എന്റെ ജോലി നിർവഹിക്കാൻ കഴിയുന്നില്ലേ? ഒരു അഭിഭാഷക എന്ന നിലയിൽ, ക്ലയന്റുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഞാൻ കോർപ്പറേറ്റ് വസ്ത്രങ്ങൾ ധരിക്കും. ഞാൻ എന്റെ സ്വകാര്യ സ്ഥലത്ത് ആയിരിക്കുമ്പോൾ, എനിക്ക് ഇഷ്ടമുള്ളത് ധരിക്കാനും എനിക്ക് ഇഷ്ടമുള്ളത് കഴിക്കാനും എനിക്ക് അവകാശമുണ്ട്. വേണമെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഈ ചിത്രങ്ങൾ നീക്കം ചെയ്യുമായിരുന്നു. എന്റെ വ്യക്തിത്വം എന്താണെന്ന് ആളുകൾക്ക് അറിയാൻ വേണ്ടിയാണ് ഈ ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.’- നയന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *