വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. മൂന്നാം മുന്നണി സംവിധാനം പരീക്ഷിച്ച് പഴകിയതും കാലഹരണപ്പെട്ടതും ആണെന്നും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അത് അനുയോജ്യവുമല്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്‍സിപി നേതാവായ ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ വരും തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരേയുളള പടയൊരുക്കമായാണ് ചിത്രീകരിക്കപ്പെട്ടത്. ഈ കൂടിക്കാഴ്ചകള്‍ക്കൊടുവില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമെതിരേ പോരാട്ടം ശക്തമാക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് നാലിന് പവാറിന്റെ വസതിയില്‍ ചേരുന്ന യോഗത്തിലേക്ക് സി.പി.എമ്മും സി.പി.ഐ.യും ഉള്‍പ്പെടെ പന്ത്രണ്ടോളം പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് യോഗം.

പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.ജെ.പി. മുന്‍നേതാവ് യശ്വന്ത് സിന്‍ഹയുടെ സംഘടനയായ രാഷ്ട്രമഞ്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ക്ഷണക്കത്ത് അയച്ചത്. ശരദ് പവാറും യശ്വന്ത് സിന്‍ഹയും ഇന്നത്തെ ദേശീയ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച നയിക്കുന്നതായും ഇതില്‍ സാന്നിധ്യം താത്പര്യപ്പെടുന്നതായും ക്ഷണക്കത്തില്‍ പറയുന്നു.

എന്നാല്‍ ബിജെപിക്കെതിരേ മൂന്നാംമുന്നണി ഫലപ്രദമാകില്ലെന്നും താന്‍ അതില്‍ നിന്ന് അകന്നുനില്‍ക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരിക്കുകയാണ്. പവാറുമായി രാഷ്ട്രീയ കാര്യങ്ങളാണ് താന്‍ സംസാരിച്ചതെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍ എന്നാലത് മൂന്നാം മുന്നണിയെ കുറിച്ചല്ലെന്നും വ്യക്തമാക്കി. പവാറുമായുളള കൂടിക്കാഴ്ച ഭാവിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നു.

ബിജെപിക്കെതിരേ മമത നേടിയ വന്‍വിജയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ സന്ദേശമാണ് നല്‍കുന്നതെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *