കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. കൊല്ലം സ്വദേശിനി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടികള്‍ പുരോഗമിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പില്‍ എഎംവിഐ ആയ കിരണിനെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ കിരണ്‍ പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അധികം വൈകാതെ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം.
കഴി!ഞ്ഞ ദിവസമാണ് 24 കാരിയായ വിസ്മയയെ ശാസ്താംകോട്ട ശൂരനാടുള്ള കിരണിന്റെ വീട്ടില് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് വ്യക്തമാക്കി വിസ്മയ ബന്ധുവിനയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ കിരണിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നത്.
ഔദ്യോഗിക വേഷത്തില്‍ ഡിപ്പാര്‍ട്‌മെന്റ് വാഹനത്തിന് സമീപം നില്‍ക്കുന്ന കിരണിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കിയെന്ന് ജീവനക്കാര്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്. ഇതിന് പുറമെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതില്‍ വിമര്‍ശനവും ഉയരുന്ന സാഹചര്യത്തില്‍ വകുപ്പ് തല നടപടികള്‍ വേഗത്തിലാക്കാനാണ് അധികൃതരുടെ നീക്കം.
2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 20 സെന്റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ കാര്‍ വിറ്റ് പണം നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെടാന്‍ വിസ്മയയെ ഇയാള്‍ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് മകളെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചതെന്നാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ ആരോപിക്കുന്നത്.