സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കാന്‍ സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. സമ്പൂര്‍ണ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളുടെ ഫലമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയായിരുന്നു. 72 ദിവസങ്ങള്‍ക്കുശേഷമാണ് ടിപിആര്‍ പത്തിന് താഴെയെത്തിയത്. ഒന്നരലക്ഷം വരെയെത്തിയിരുന്ന പരിശോധനകള്‍ പകുതിയായി കുറഞ്ഞപ്പോഴും ഇത് കൂടിയതുമില്ല. ഈ സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.

സംസ്ഥാന വ്യാപകമായ ലോക്ഡൗണ്‍ പിന്‍വലിക്കുകയും പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രോഗവ്യാപനം കൂടുമെന്ന ആശങ്കയുണ്ടായെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊതു വിലയിരുത്തല്‍. ടിപിആര്‍ 30ന് മുകളിലായിരുന്ന പഞ്ചായത്തുകള്‍ 25ല്‍ നിന്ന് 16 ആയി കുറഞ്ഞു. പൂര്‍ണമായും തുറന്ന സ്ഥലങ്ങളില്‍ ഇളവുകളുള്ളപ്പോഴും വ്യാപനം കൂടിയിട്ടുമില്ല. കൂടുതല്‍ സ്ഥലങ്ങള്‍ ഇളവുകള്‍ കൂടുതലുള്ള എബി വിഭാഗങ്ങളിലേക്ക് മാറും. ബസ് സര്‍വീസ് ഉള്‍പ്പെടെ അന്തര്‍ജില്ലാ യാത്രകള്‍ക്ക് പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും.

കടകളുടെ പ്രവര്‍ത്തനസമയം നീട്ടിയേക്കും. നിലവില്‍ 7 മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. ഇത് ഹോട്ടലുകളടക്കം കടയുടമകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി പരാതിയുണ്ട്. ഇത് നീട്ടി നല്‍കണമെന്ന ആവശ്യം ശക്തമാണ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമോയെന്നതും നിര്‍ണായകം. തട്ടുകളുടെ അനുമതിയും പ്രധാനം. ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാനാണ് സാധ്യത. എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലാണിത്. നിശ്ചിത സമയത്ത് നിശ്ചിത ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നതാകും പരിഗണിക്കുക.

അതേസമയം, തിയേറ്ററുകള്‍ ജിമ്മുകള്‍, മാളുകള്‍ എന്നിവ ഈ ഘട്ടത്തിലും തുറക്കാനിടയില്ല. മൂന്നാം തരംഗ മുന്നറിയിപ്പ് ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരുതലോടെ മാത്രമേ തീരുമാനമുണ്ടാകൂ.

Leave a Reply

Your email address will not be published. Required fields are marked *