വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു. വലിയശാല തെരുവിലെ വീട്ടില്‍ ഉച്ചയ്ക്ക് 1.10 നായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2009 ല്‍ കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്‌കാരം നേടി.

എട്ടുപതിറ്റാണ്ടു പിന്നിട്ട സംഗീതസപര്യയ്ക്കു ശേഷമാണ് ബി.പൊന്നമ്മാളിന്റെ വിടവാങ്ങല്‍. പ്രശസ്തരും പ്രഗല്‍ഭരുമായ നിരവധി പേര്‍ അവരുടെ ശിഷ്യപരമ്പരയിലുണ്ട്. നെയ്യാറ്റിന്‍കര വാസുദേവന്‍, പാലാ സി.കെ. രാമചന്ദ്രന്‍, ഡോ. കെ.ഓമനക്കുട്ടി, കുമാരകേരളവര്‍മ, എം.ജി.രാധാകൃഷ്ണന്‍, കെപിഎസി രവി, പൂവരണി കെ.വി.പി.നമ്പൂതിരി തുടങ്ങിയവര്‍ അവരുടെ ശിഷ്യഗണത്തില്‍ ഉള്‍പ്പെടുന്നു.

പ്രായത്തിനു കീഴ്‌പ്പെടുത്താനാകാത്ത സംഗീതസപര്യയ്ക്കുടമയായിരുന്നു പൊന്നമ്മാള്‍. തിരുവനന്തപുരം വലിയശാല ഗ്രാമത്തിലെ വ്യാസ എന്ന അഗ്രഹാരത്തില്‍ തൊണ്ണൂറാണ്ടു പിന്നിട്ടിട്ടും അവര്‍ ശുദ്ധസംഗീതത്തെ ഉപാസിച്ചു. നിത്യമധുരമാര്‍ന്ന അവരുടെ നാദവൈഭവം പുതുതലമുറയ്ക്ക് കൈമാറാനും സമയം കണ്ടെത്തി. തിരഞ്ഞെടുത്ത പാതയില്‍ അര്‍പ്പണ ബോധത്തോടെ പ്രായാധിക്യത്തിന്റെ കാലത്തും അക്ഷീണമായി സഞ്ചരിച്ച മഹാപ്രതിഭ കൂടിയായിരുന്നു അവര്‍.

പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിറസദസ്സുകളാണ് അവരുടെ ഗാനമാധുരം തേടിയെത്തിയത്. ത്യാഗരാജ ഭാഗവതരുടെയും സ്വാതി തിരുനാളിന്റെയും കൃതികള്‍ക്കൊപ്പം പ്രസിദ്ധമായ തമിഴ്കൃതികളും അവരുടെ കച്ചേരികളില്‍ ഇടകലര്‍ന്നെത്തി. ഗുരുവായൂര്‍ പുരേശ സുപ്രഭാതം, തൃശ്ശിവ പുരേശ സുപ്രഭാതം, ഉത്സവ പ്രബന്ധം, നവരാത്രി കൃതി, മീനാംബികാ സ്‌തോത്രം, ഇരയിമ്മന്‍ തമ്പിയുടെയും കെ.സി.കേശവപിള്ളയുടെയും കൃതികള്‍ തുടങ്ങിയവയുടെ അനശ്വരങ്ങളായ സംഗീതാവിഷ്‌കാരങ്ങള്‍ പാറശ്ശാല പൊന്നമ്മാളുടെ അതുല്യ പ്രതിഭയുടെ മാറ്റുരച്ചുകാട്ടി.

പാറശ്ശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്റായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 ലാണ് പൊന്നമ്മാള്‍ ജനിച്ചത്. ഏഴാം വയസ്സില്‍ സംഗീത അഭ്യസനം ആരംഭിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ പാപനാശം ശിവന്റെ ശിഷ്യയായിരുന്നു. പരമുപിളള ഭാഗവതര്‍, രാമസ്വാമി ഭാഗവതര്‍ എന്നിവരും ആദ്യകാല ഗുരുക്കന്മാരായി. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗീതമല്‍സരത്തില്‍ ഒന്നാം സമ്മാനം നേടുമ്പോള്‍ 15 വയസ്സായിരുന്നു പൊന്നമ്മാളിന്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു അന്ന് വിധികര്‍ത്താവ്.

തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യ ബാച്ചിലെ ആദ്യ വിദ്യാര്‍ഥിനിയായിരുന്ന അവര്‍ ഗാനപ്രവീണയും തുടര്‍ന്ന് ഗാനഭൂഷണും ഒന്നാം റാങ്കോടെ പാസായി. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന പെരുമയും അവര്‍ക്കുണ്ട്. 2006 സെപ്റ്റംബറില്‍ ആയിരുന്നു ആ ചരിത്രസംഭവം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കീഴ്‌വഴക്കമാണ് പൊന്നമ്മാള്‍ അന്ന് തിരുത്തിയത്.

പതിനെട്ടാം വയസ്സില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീത അധ്യാപികയായി. 1952 ല്‍ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ അധ്യാപികയായി. അവിടെ ലക്ചററായും പ്രഫസറായും പ്രവര്‍ത്തിച്ചു. കോളജിലെ ആദ്യ വനിതാ പ്രിന്‍സിപ്പലായി. 1980 ല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി മ്യൂസിക് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്ന അവരുടെ കച്ചേരികള്‍ നിരവധി തവണ പ്രക്ഷേപണം ചെയ്തു.

1965ല്‍ ഗായകരത്‌നം അവാര്‍ഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്,

കേന്ദ സംഗീത നാടക അക്കാദമി അവാര്‍ഡ്, ചെമ്പൈ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം,

ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങിയവ അവര്‍ നേടിയ ബഹുമതികളില്‍ ഉള്‍പ്പെടുന്നു. പരേതനായ ആര്‍. ദൈവനായകം അയ്യരാണ് ഭര്‍ത്താവ്. മക്കള്‍: സുബ്രഹ്മണ്യം(റിസര്‍വ് ബാങ്ക്), മഹാദേവന്‍(ബിഎസ്എന്‍എല്‍).

Leave a Reply

Your email address will not be published. Required fields are marked *