മത്സ്യ കൃഷി വിളവെടുപ്പും സർവീസ് സ്റ്റേഷൻ ഉദ്ഘാടനവും

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ബയോഫ്‌ളോക് മത്സ്യകൃഷിയുടെ വിളവെടുപ്പും, വിപണനവും, സർവീസ് സ്റ്റേഷന്റെ ഉദ്ഘാടനവും 23ന് വൈകിട്ട് നാലിന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ചാക്ക വാർഡ് കൗൺസിലർ അഡ്വ.എം. ശാന്ത അധ്യക്ഷത വഹിക്കും.

മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു

പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു. ഔദ്യോഗിക വസതിയിൽ വിവിധ ഇനം പച്ചക്കറി തൈകൾ നട്ടാണ് കൃഷിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി വിജയിക്കണമെങ്കിൽ കാർഷിക മേഖലയിലേക്ക് പരമാവധി പേരെ ആകർഷിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
നമുക്ക് ആവശ്യമുള്ള വിഭവങ്ങൾ ഇവിടെത്തന്നെ വളർത്തിയെടുക്കാൻ കഴിയണം. കൃഷി ഭൂമിയിൽ പണിയെടുക്കുന്നവർക്ക് ആവശ്യമായ അംഗീകാരം നൽകണം. മനുഷ്യന്റേയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് കൃഷി ആവശ്യമാണ്. ഓരോ കൊച്ചു കുട്ടിയെയും കാർഷിക മേഖലയുമായി ബന്ധിപ്പിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ സന്നദ്ധസേന പ്രവർത്തകർക്ക് പരിശീലനം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ മഴക്കാല ദുരന്തങ്ങളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി 25ന് ഓൺലൈൻ പരിശീലന പരിപാടി നടത്തും. https://sannadhasena.kerala.gov.in/ ൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന സന്നദ്ധപ്രവർത്തകർക്ക് രണ്ട് മണിക്കുർ ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കുവാനുള്ള ലിങ്ക് എസ്.എം.എസ് ആയി നൽകും. പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർക്ക് ഓൺലൈൻ പ്രശ്‌നോത്തരിയുടെ അടിസ്ഥാനത്തിൽ ഇ-സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വെബ്‌സൈറ്റിൽ 23നകം രജിസ്റ്റർ ചെയ്യണം. സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപ്കമിംഗ് ഇവന്റ്‌സിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് കൺഫേം ബട്ടൺ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഓഗസ്റ്റിൽ ആലപ്പുഴയിലും എറണാകുളത്തും സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
ആലപ്പുഴ ചേർത്തലയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഓഗസ്റ്റ് അഞ്ചിനും ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ ആറിനും സിറ്റിംഗ് നടക്കും.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഓഗസ്റ്റ് 25നും അങ്കമാലി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ 26നും എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ 27നും സിറ്റിംഗ് നടക്കും. സിറ്റിംഗ് രാവിലെ 10 മണിക്ക് ആരംഭിക്കും. സിറ്റിംഗിൽ ഹാജരാകുന്നതിന് അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം എത്തണം. സിറ്റിംഗിന് ഹാജരാകുന്നവർ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *