വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണത്തിനെതിരെ നടക്കുന്ന സമരം ശക്തമാകുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പുതിയ നിര്‍ദേശവുമായി മന്ത്രിസഭാ ഉപസമിതി. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിനു വിട്ടു നല്‍കും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താനും തീരുമാനമായി.
രണ്ടിടങ്ങളിലുമായി 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ആദ്യം 335 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് ലഭ്യമാക്കും. ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്കാും മുന്‍ഗണന നല്‍കുക. ഇവരെയെല്ലാം വാടക വീടുകളിലേക്ക് മാറ്റും. വീടുകളുടെ വാടക സര്‍ക്കാര്‍ നല്‍കാനും മന്ത്രിസഭ ഉപസമിതി യോഗത്തില്‍ തീരുമാനിച്ചു.
ചര്‍ച്ച നാളെയും തുടരും. ഭൂമി കൈമാറ്റത്തില്‍ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന് ശേഷം ഉപസമിതി യോഗം വീണ്ടും ചേരും. മുഖ്യമന്ത്രിയേയും യോഗ തീരുമാനം ധരിപ്പിക്കും. സമരക്കാരുമായും ചര്‍ച്ച നടത്തും.
മന്ത്രിമാരായ എം വി ഗോവിന്ദന്‍,ആന്റണി രാജു അഹമ്മദ് ദേവര്‍കോവില്‍ വി.അബ്ദുറഹിമാന്‍ ,കെ രാജന്‍ ,ചിഞ്ചു റാണി എന്നിവരും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്ന് പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനം എടുത്തെങ്കിലും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കും വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. മന്ത്രിസഭ ഉപസമിതി തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ തന്നെ വാടകയ്ക്ക് വീടെടുത്ത് നല്‍കണം. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വേഗത്തില്‍ വേണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.
