നേപിഡോ: മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മര്‍ സൈന്യമാണ് ആക്രമണം നടത്തിയത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സഗയിങ് പ്രവിശ്യയിലെ സ്വെല്‍ ലെ ഓ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഒരാഴ്ചയായി നീണ്ടുനിന്ന ഒരു ധ്യാനക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നൂറിലധികം പേര്‍ ഈ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

ഫൈറ്റര്‍ ജെറ്റ് വിമനത്തില്‍ നിന്നാണ് ബുദ്ധ വിഹാരത്തിന്റെ പരിസരത്തേക്ക് ബോംബുകളിട്ടതെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മ്യാങ് ടൗണ്‍ഷിപ്പ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്‍ വക്താവ് നവെ ഓ അറിയിച്ചു. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. 15 മിനിറ്റ് ഇടവേളയില്‍ രണ്ട് ബോംബുകളാണ് ബുദ്ധ വിഹാരത്തിന് സമീപത്ത് വര്‍ഷിച്ചതെന്ന് പരിസരവാസികള്‍ അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

വീടുകളും സ്‌കൂളുകലും അഭയാര്‍ത്ഥി ക്യാമ്പുകളും ഉള്‍പ്പടെ ലക്ഷ്യമിട്ട് മ്യാന്‍മന്‍ സൈന്യം ആക്രമണങ്ങള്‍ നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സൈനീക അട്ടിമറിയിലൂടെ 2021ലാണ് മ്യാന്‍മറില്‍ സൈന്യം അധികാരം പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *