തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി സിപിഎം. ബിൽ ഒപ്പിടാതെ അനന്തമായി വച്ചു താമസിപ്പിക്കുന്നതിനുള്ള അധികാരമൊന്നും ഗവർണർക്കില്ല. എന്നാൽ ബജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാർ ബിൽ പെട്ടെന്ന് നിയമമാകാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ബില്ലിൽ ഒപ്പിടാതെ താമസിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ജനങ്ങളോടുള്ള ക്രൂരതയാണെന്നും സിപിഎം പറഞ്ഞു.

ഭരണഘടനാ നീക്കങ്ങൾക്കെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാർ ഒന്നിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എഴുതിയ ലേഖനത്തിൽ പറയുന്നു. അതേസമയം ചാൻസലർ പദവി നിയമസഭ ഗവർണർക്ക് വച്ചുനീട്ടുന്ന ഔദാര്യം മാത്രമാണെന്ന് ദേശാഭിമാനി മുഖപ്രസംഗത്തിലും വിമർശനമുണ്ട്. ഗവർണറുടെ അസംബന്ധ യുദ്ധത്തിന്റെ പോർമുഖങ്ങളിൽ ഒന്നാണ് സർവകലാശാലകൾ. ചാൻസലർ പദവി ഉപയോഗിച്ച് പ്രവർത്തനങ്ങൾ അലങ്കോലമാക്കാനുള്ള പരീക്ഷണം നടത്തുകയാണെന്നുമാണ് വിമർശനം.

വർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗവർണർ വാർത്താസമ്മേളനം നടത്തിയത് രാജ്യത്ത് തന്നെ അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാധാരണ നിന്നു കൊണ്ട് പറയുന്നത് ഗവർണർ ഇരുന്നു കൊണ്ട് പറയുകയായിരുന്നു. ഗവർണർക്ക് സർക്കാരുമായി ആശയ വിനിമയത്തിന് നിയതമായ മാർഗങ്ങളുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് അവകാശമില്ല.കേന്ദ്രത്തിന്റെ ഏജൻറിനെ പോലെയാണ് ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത്. ഗവർണർ സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആളാകണം.കോടതി വിധി കാറ്റിൽ പറത്തുന്നത് വിപത്കരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്ഭവനെ ഗവർണർ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കുകയാണ്. ഭരണഘടനാ പദവിയിൽ ഇരുന്ന് ആർഎസ്എസിന്റെ പിന്തുണയുണ്ടെന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ? ആർഎസ്എസ് വിഭാഗീയതയുടെ വക്താക്കളാണ്. ആർഎസ്എസിനോട് ഇടതുപക്ഷത്തിനും പൊതുസമൂഹത്തിനും കൃത്യമായ നിലപാട് ഉണ്ട്. ആർഎസ്എസിനെ പ്രകീർത്തിച്ചത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *