തിരുവനന്തപുരം: കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ കേന്ദ്ര ഏജൻസികളുടെ പരിശോധന. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോട്ടയം, കാസർഗോഡ്, കൊല്ലം, ഉൾപ്പെടെ സംസ്ഥാന വ്യാപകമായി 50 കേന്ദ്രങ്ങളിലാണ് എൻഐഎയും ഇഡിയും പരിശോധന നടത്തുന്നത്. റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നാണ് എൻഐഎ പറയുന്നത്. എൻഐഎ ഡയറക്ടർ ദിൻകർ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്.
ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, ദേശീയ സമിതി അംഗം പ്രൊഫ.പി കോയ . സംസ്ഥാന പ്രസിഡൻ്റ് സി.പി മുഹമ്മദ് ബഷീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നും ദേശീയ നസറുദ്ദീൻ എളമരത്തെ വാഴക്കാട്ടെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തൃശൂരിൽ സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ, പികെ ഉസ്മാൻ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. റെയ്‌ഡിനെതിരെ പോപ്പുലർ ഫ്രണ്ട് നേതൃത്വം രംഗത്തുവന്നു.
റെയ്‌ഡിനെതിരെ പോപ്പുലർ ഫ്രണ്ട് നേതൃത്വം രംഗത്തുവന്നു. അർദ്ധരാത്രിയ്ക്കുശേഷമാണ് എൻഐഎ റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു.