കൊല്ലം: ഓടുന്ന ബസിൽനിന്ന് വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണിട്ടും കെ എസ് ആർ ടി സി ബസ് നിർത്താതെ പോയി. കൊല്ലം കുണ്ടറയിലാണ് സംഭവം. ബസിൽനിന്ന് വിദ്യാർഥി തെറിച്ചുവീഴുന്നത് കണ്ട് യാത്രക്കാർ ബഹളംവെച്ചെങ്കിലും ബസ് നിർത്താതെ പോകുകയായിരുന്നു. വളവ് തിരിയുന്നതിനിടെയാണ് വാതിലിൽനിൽക്കുകയായിരുന്ന വിദ്യാർഥി തെറിച്ചുവീണത്.
ബസിൽനിന്ന് വീണ് എഴുകോൺ ടെക്നിക്കൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി നാന്തിരിക്കൽ ഷീബ ഭവനിൽ നിഖിലിന് പരിക്കേറ്റു. തലയ്ക്കും മുഖത്തും കാലിലുമാണ് പരിക്ക്. നിഖിലിനെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എഴുകോൺ പെട്രോൾ പമ്പിന് സമീപത്തുവെച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം ഉണ്ടായത്. സ്കൂൾ വിട്ട് എഴുകോണിൽനിന്ന് കൊട്ടാരക്കര-കരുനാഗപ്പള്ളി കെ എസ് ആർ ടി സി ബസിലാണ് നിഖിലും സഹപാഠികളും കയറിയത്. ബസിനുള്ളിൽ തിരക്കായതിനാൽ നിഖിലും സഹപാഠികളും വാതിൽപ്പടിയിൽനിന്നാണ് യാത്ര ചെയ്തത്.
ബസ് ചീരങ്കാവിലേക്ക് വരുന്നതിനിടെ പെട്രോൾ പമ്പിന് സമീപത്തുള്ള വളവ് തിരിയുന്നതിനിടെ നിഖിൽ വാതിൽ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. അപകടം കണ്ട് നിഖിലിനൊപ്പമുണ്ടായിരുന്ന സഹപാഠികൾ ബഹളംവെച്ചെങ്കിലും ബസ് സംഭവസ്ഥലത്ത് നിർത്താതെ ചീരങ്കാവ് ജങ്ഷനിലാണ് നിർത്തിയത്. കുട്ടികളെ അവിടെ ഇറക്കിവിട്ടശേഷം ബസ് പോകുകയും ചെയ്തു.
അതിനിടെ ബസിൽനിന്ന് തെറിച്ചുവീണ നിഖിലിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോംഗാർഡ് സുരേഷ് ബാബു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കെ എസ് ആർ ടി സി ബസ് ജീവനക്കാർക്കെതിരെ പരാതിയുമായി നിഖിലിൻറെ വീട്ടുകാർ രംഗത്തെത്തി. എന്നാൽ ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഡിപ്പോ ജീവനക്കാർ പറയുന്നത്.