തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ലഹരി മാഫിയ സാന്നിധ്യം ശക്തമാകുന്നു. വൻതോതിൽ ജില്ലയിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്നത് സമീപകാലത്തായി വർധിക്കുന്നതിനെ ഉദ്യോഗസ്ഥർ ആശങ്കയോടെയാണ് നോക്കി കാണുന്നത്. ചെറുപ്പക്കാരെയും സ്‌കൂൾ വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് ലഹരി മാഫിയയുടെ പ്രവർത്തനം. റെയിൽവേ സ്‌റ്റേഷൻ, ആശുപത്രി പരിസരം, കെ എസ് ആർ ടി സി ഡിപ്പോയുടെ പരിസരം, സ്‌കൂളുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പനയും കൈമാറ്റവും അധികമായും നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് ഉൾപ്പടെയുളള ലഹരി വസ്തുക്കൾ എത്തുന്നുണ്ടെന്നാണ് വിവരം.ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് വൻതോതിൽ നടക്കുന്നുണ്ടെന്ന് നാട്ടുകാരും പറയുന്നു.തമിഴ്‌നാട്ടിൽ നിന്ന് ട്രെയിനിലും ബസ്സിലുമായാണ് കൂടുതലും കഞ്ചാവ് അതിർത്തി കടന്നെത്തുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്നെത്തിച്ച 50 കിലോ കഞ്ചാവ് കോവളത്ത് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ലഹരി ഉപയോ​ഗിച്ച ശേഷം ഉണ്ടാവുന്ന തർക്കങ്ങളും നാട്ടുകാരെ പേടിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കഴക്കൂട്ടം അയിര പാലത്തിനു സമീപം യുവാക്കൾ എത്തി ലഹരി ഉപയോഗിച്ച ശേഷം തമ്മിൽ അടിയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതേ സംഘം തന്നെ മുമ്പും പ്രദേശത്ത് സമാനമായരീതിയിൽ ബഹളമുണ്ടാക്കിയിട്ടുണ്ട് എന്നാണ് വിവരം. കഴകൂട്ടം ,കാരോട് ബൈപാസ് ഇപ്പോൾ കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഈ സ്ഥലങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴക്കൂട്ടം കാരോട് ബൈപ്പാസിൽ തമിഴ്‌നാട്ടിൽ നിന്നും എത്തുന്നവരാണ് വിദ്യാർത്ഥികൾക്കു ലഹരിയെത്തിക്കുന്നതിനു പിന്നിലൊന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *