കോഴിക്കോട്: എട്ട് മാസത്തെ ശമ്പള കുടിശ്ശിക ലഭിക്കാതെ ദുരിതമനുഭവിക്കുന്ന മാധ്യമം ദിനപത്രത്തിലെ ജീവനക്കാരുടെ സമരത്തിന് കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
ശമ്പള കുടിശ്ശിക ലഭിക്കാൻ മാധ്യമപ്രവർത്തകർ തെരുവിലിറങ്ങേണ്ടിവരുന്നത് ദൗർഭാഗ്യകരമാണെന്നും, അർഹമായ കൂലി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളികൾക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്നത് ലജ്ജാകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ന്യായമായ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് മാനേജ്മെന്റിനോടും സർക്കാറിനോടും അസോസിയേഷൻ ആവശ്യപ്പെട്ടു.
അഷ്റഫ് നാദാപുരം അധ്യക്ഷത വഹിച്ചു. നവംബർ 7ന് കോഴിക്കോട്ട് നടക്കുന്ന അസോസിയേഷന്റെ മലബാർ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ അഡ്വ. കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി മുഖ്യാതിഥിയായി.
സംസ്ഥാന രക്ഷാധികാരി ജി. ശങ്കർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കണ്ണൻ പന്താവൂർ, എൻ. ധനഞ്ജയൻ, ബൈജു മേനാച്ചേരി, രഞ്ജിത്ത് നിഹാര, സുനിൽ കോഴിക്കോട്, ബിജു കക്കയം, ശ്രീജിത്ത് വടകര എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *