സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ഇന്നും നാളെയും മഴ കനത്തേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരള-തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
അറബിക്കടലില്‍ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെയാണ് അതിശക്തമായ ചുഴലിക്കാറ്റിന്റെ വേഗത. മണിക്കൂറില്‍ 100- 125 കിമി വരെ വേഗതയില്‍ ചൊവ്വാഴ്ച ഉച്ചയോടെ ഒമാന്‍ -യെമന്‍ തീരത്ത് അല്‍ ഗൈദാക്കും സലാലാക്കും ഇടയില്‍ തേജ് കര തൊടാന്‍ സാധ്യത. ബംഗാള്‍ ഉള്‍കടലിലെ തീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറി, ബംഗ്ലാദേശ് – പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കോമോറിന്‍ മേഖലയില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.