ഇടുക്കി: വിനോദയാത്രക്കെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ബീഡി വലിക്കാന്‍ തീ തേടി ചെന്നത് എക്സൈസ് ഓഫീസില്‍. തൃശൂരിലെ സ്‌കൂളില്‍ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ ചില വിദ്യാര്‍ത്ഥികളാണ് കഞ്ചാവ് ബീഡി വലിക്കാന്‍ തീ അന്വേഷിച്ച് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫീസിലെത്തി കുടുങ്ങിയത്.

പിന്‍വശത്തു കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഓഫീസിലെത്തിയത്. അതിനാല്‍ എക്സൈസ് ഓഫീസിന്റെ ബോര്‍ഡ് കുട്ടികള്‍ കണ്ടില്ല. മുറിയില്‍ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ടതോടെ തടിതപ്പാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കഞ്ചാവു ബീഡി കത്തിക്കാന്‍ തീ തേടിയെത്തിയതാണെന്ന് വ്യക്തമായത്.

ഒരാളില്‍നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരാളില്‍നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. വിവരം അധ്യാപകരെയും മാതാപിതാക്കളെയും അറിയിച്ചു. ലഹരിവസ്തുക്കള്‍ കൈവശം വെച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. മറ്റുള്ളവര്‍ക്ക് കൗണ്‍സിലിങ്ങും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *