ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍. തീരുമാനത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തലിന് പകരമായി ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.150 പലസ്തീനികളെ ഇസ്രായേൽ വിട്ടു നൽകണം ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണയായത്. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.46 ദിവസത്തെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു ശേഷം സമാധാനത്തിലേക്കുള്ള നിര്‍ണായക കരാറാണിത്. ദിവസങ്ങളായി ഖത്തറിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതിനിടെ 38 അംഗ ഇസ്രയേല്‍ മന്ത്രിസഭ നാല് ദിവസം വെടിനിര്‍ത്താന്‍ തീരുമാനിച്ചു. മൂന്ന് മന്ത്രിമാര്‍ ഒഴികെ എല്ലാ അംഗങ്ങളും വെടിനിര്‍ത്തലിനോട് യോജിച്ചു. ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിന്‍റെ പിടിയിലുള്ളത്. അവരില്‍ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക. ദിവസം 12 ബന്ദികള്‍ എന്ന നിലയില്‍ നാല് ദിവസമായാണ് മോചനം. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേല്‍ ഗാസയില്‍ നടത്തില്ലെന്നാണ് കരാര്‍. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ തുടരാമെന്നാണ് ഇസ്രയേലിന്‍റെ തീരുമാനം.യുദ്ധം തുടരുമ്പോഴും ബന്ദികളെ മോചിപ്പിക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരസ്യ പ്രതിഷേധത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യമുണ്ടായി. അതിനിടെയാണ് ഈ താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളില്‍ ചിലരുടെ മോചനത്തിന് വഴിയൊരുങ്ങുന്നത്. ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ച് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ ഇന്നലെ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറിലേക്ക് അടുക്കുകയാണെന്നും ഇക്കാര്യത്തില്‍ ഹമാസിന്റെ പ്രതികരണം ഖത്തറിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് പറഞ്ഞത്. ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിലൂടെയാണ് ഇസ്രയേലുകാരെ ഹമാസ് ബന്ദികളാക്കിയത്. അതേസമയം ഇതിനോടകം 13,300ല്‍ അധികം പേര്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടു. ഇവരില്‍ ആയിരക്കണക്കിന് കുട്ടികളും ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *