ഇടുക്കി: ഒറ്റയാൻ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന് മുന്നോടിയായി ‘വിക്രം’, ‘ഭരത്’ എന്നീ കുങ്കിയാനകളെ നവംബർ 23 തിങ്കളാഴ്ച ചിന്നക്കനാലിൽ എത്തിക്കും. ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ആനയുടെ സഞ്ചാരപഥം 24 മണിക്കൂറും കൃത്യമായി നിരീക്ഷിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനായാണ് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ഹൈറേഞ്ച് ചീഫ് കൺസർവേറ്റർ, മൂന്നാർ ഡിഎഫ്ഒ, വനംവകുപ്പിലെ നാല് വെറ്ററിനറി സർജന്മാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം നടക്കുക. കുങ്കിയാനകളെ എത്തിച്ച ശേഷം ഏതാനും ദിവസം ചക്കക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച അന്തിമ നടപടികളിലേക്ക് കടക്കുക.
ഇടുക്കിയിൽ വന്യജീവി ആക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണമുണ്ടായി. മൂന്ന് വഴിയോരക്കടകൾ തകർത്ത ആന പഴവർഗങ്ങളടക്കം തിന്നു നശിപ്പിച്ചു. എന്നാൽ, തൊട്ടടുത്ത് പ്രവർത്തിക്കുന്ന ‘പടയപ്പ ടീസ്റ്റാൾ’ എന്ന കടയ്ക്ക് നേരെ മാത്രം ആന ആക്രമണം നടത്തിയില്ലെന്നത് കൗതുകമായി.
