ഇന്ന് രാത്രി 11 മണി മുതല്‍ താമരശേരി ചുരത്തില്‍ ഗതാഗത നിരോധനം. അടിവാരംമുതൽ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് രാത്രി 8 മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് കളക്ടർ അറിയിച്ചു.ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ താമരശ്ശേരി ചുരം വഴി പോകുന്നതിനാലാണ് ഇന്ന് വാഹനങ്ങള്‍ നിരോധിക്കുന്നത്.രാത്രി 11 മണിക്കും രാവിലെ അഞ്ചുമണിക്ക് ഇടയിലാണ് ട്രക്കിന് വേണ്ടി ചുരം പൂർണമായും ഒഴിച്ചിടുന്നത്. പൊതുജനങ്ങള്‍ ഈ സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.മൂന്നു മാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ട ട്രക്കുകള്‍ക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നല്‍കിയ സാഹചര്യത്തിലാണ് വയനാട് ജില്ലയില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കര്‍ണാടകയിലെ നഞ്ചങ്കോടുള്ള ഫാക്ടറിയിലേക്കുള്ള മെഷീനുകളുമായി എത്തിയ 2 ട്രെയ്‍ലറുകളാണ് ഇന്ന് യാത്ര തുടങ്ങുന്നത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്. ചുരം കയറിയാൽ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാലാണ് നേരത്തെ അനുമതി നല്‍കാതിരുന്നത്.
വ്യാഴാഴ്ച് രാത്രി 8 മണി മുതല്‍ ജില്ലയില്‍ നിന്നും താമരശ്ശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഈ സമയം ചുരം വഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്നും കല്‍പ്പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും വ്യാഴാഴ്ച് രാത്രി 8 മണി മുതല്‍ ബീനച്ചി- പനമരം വഴിയോ, മീനങ്ങാടി -പച്ചിലക്കാട് വഴിയോ പക്രതളം ചുരം വഴിയോ പോകേണ്ടതാണ്. മാനന്തവാടിയില്‍ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.

സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി, സ്വകാര്യ ബസ്സുകള്‍ രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ പോകേണ്ടതാണ്.ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തമിഴ്‌നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.

രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *