ചാത്തമംഗലം : – സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടന്ന മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ഗോൾഡൻ ഏജർസ് സംഗമം ഏറെ ശ്രദ്ധേയമായി. ഇന്നലെ കൃത്യം 12 മണിയോടുകൂടി സ്കൂൾ മാനേജ്മെന്റ് തയ്യാറാക്കിയ വാഹനത്തിൽ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന മുതിർന്ന പൗരന്മാർക്ക് സ്കൂൾ സ്റ്റാഫ് അംഗങ്ങൾ ഹൃദ്യമായ സ്വീകരണം നൽകി. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ മാനേജർ ഫാദർ ജോസ് ഒറവനാം തടത്തിൽ ആധ്യക്ഷം വഹിച്ചു. പ്രസ്തുത യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ദീപ കെ.സി സ്വാഗതമാശംസിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. തദവസരത്തിൽ മുതിർന്ന പൗരന്മാർ പാട്ടുപാടിയും ജീവിതാനുഭവങ്ങളും അറിവുകളും പങ്കുവെച്ചും വാർദ്ധക്യത്തിന്റെ അവശതകൾ എല്ലാം മറന്ന് നടത്തിയ സല്ലാപം അവരുടെ ബാല്യകാലത്തിലേക്കുള്ള തിരിച്ചു പോക്കായി മാറി. വയോജനങ്ങളെ പിൻതള്ളിക്കൊണ്ട് കാലം മുന്നേറുമ്പോൾ അവരെ കേൾക്കാനും ചേർത്തുപിടിക്കാനും അംഗീകരിക്കാനുമുള്ള ഈ ശ്രമം വിദ്യാർത്ഥികൾക്ക് അനുഭവിച്ചറിയാനും പഠിക്കാനുമുള്ള വേദിയായി മാറി. മുതിർന്നവരെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മാനേജർ ഫാദർ അതിഥികളായി എത്തിയ എല്ലാവർക്കും ക്രിസ്തുമസ് സമ്മാനങ്ങൾ നല്കിയത് വേറിട്ട അനുഭവമായി. കൃത്യം നാലു മണിക്ക് അവസാനിച്ച ഔദ്യോഗിക പരിപാടിക്ക് ശേഷം ക്രിസ്തുമസ് കേക്കിന്റെ മധുരം നുണഞ്ഞു കൊണ്ട് നിറഞ്ഞ മനസ്സോടെ സ്ക്കൂൾ ഒരുക്കിയ വാഹനത്തിൽ എല്ലാവരും തിരിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *