തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. സംസ്ഥാനത്തിൻറെ നേട്ടങ്ങൾ വിവരിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിലെ കേന്ദ്രവിമർശനവും ഗവർണർ വായിച്ചു.

സാമ്പത്തിക വളർച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളിലെ കേരളത്തിൻറെ വളർച്ചയെ ഗവർണർ പുകഴ്ത്തി. അഭിമാനകരമായ സാമ്പത്തിക വളർച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും ഗവർണർ പറഞ്ഞു. സാമൂഹിക ശാക്തീകരണത്തിൽ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാൻ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. സർക്കാർ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിൽ ഊന്നിയ വികസനത്തിനാണ്. തൊഴിൽ ഉറപ്പാക്കുന്നതിൽ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവർണർ പറഞ്ഞു. വേർതിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനിൽക്കാൻ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ഗവർണർ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചു. ജനങ്ങളുടെ താൽപ്പര്യങ്ങൾ പ്രതിഫലിക്കുന്ന നിയമസഭങ്ങൾ സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ അധികാരം സംരക്ഷിക്കപ്പെടണം. കടപരിധി നിയന്ത്രിക്കാനുള്ള ശ്രമം വികസനത്തിന് തടയിടുന്നെന്നും ഗവർണർ പറഞ്ഞു.

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നും ഗവർണർ പറഞ്ഞു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നൽകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിൻറെ മികച്ച കേന്ദ്രമാക്കും. ആരോഗ്യമേഖലയിൽ ഉണ്ടായത് വൻ നേട്ടങ്ങളാണ്. ആർദ്രം മിഷൻ അടിസ്ഥാന ചികിത്സാ മേഖലയിൽ പുരോഗതി ഉണ്ടാക്കി. സർക്കാർ ആശുപത്രികളിൽ ചികിത്സ മികച്ചതും ചെലവ് കുറഞ്ഞതുമായി. ലിംഗ സമത്വ ബോധവത്കരണത്തിനായി പദ്ധതി രൂപീകരിക്കും. ന്യൂനപക്ഷ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ഉണ്ടാക്കുമെന്നും ഗവർണർ പറഞ്ഞു.

ഗവർണറോടുള്ള എതിർപ്പുകാരണം നയപ്രഖ്യാപനം ഒഴിവാക്കുന്നത് സർക്കാർ ചിന്തിച്ചിരുന്നെങ്കിലും അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. നയപ്രഖ്യാപനത്തിന് എത്തിയ ഗവർണറെ സ്‍പീക്കറും മുഖ്യമന്ത്രിയും ചേർന്നാണ് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *