കോയമ്പത്തൂര്‍: നാലു മാസം പ്രായമുള്ള കുട്ടിയെ അമ്മ ബസില്‍ ഉപേക്ഷിച്ചു. കോയമ്പത്തൂരില്‍ വച്ച് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. തിരക്കുള്ള ബസില്‍ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ചു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് കുട്ടിയെ ഏല്‍പ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി. തൃശൂര്‍ സ്വദേശിയായ അച്ഛന്‍ കോയമ്പത്തൂരില്‍ എത്തിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. കുടുംബപ്രശ്നങ്ങള്‍ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി ഇത് തന്റെ കുഞ്ഞാണെന്ന് ‘ പറയുകയായിരുന്നു. തൃശൂര്‍ സ്വദേശിയും യുവതിയും പ്രണയിച്ച് വിവാഹിതരായവരാണ്. ബന്ധുക്കള്‍ പ്രണയത്തെ എതിര്‍ത്തിരുന്നതായും വിവാഹിതരായ ഇവര്‍ കോയമ്പത്തൂരില്‍ താമസിച്ച് വരികയായിരുന്നുവെന്നും ‘പൊലീസ് പറയുന്നു.
അടുത്തിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് തൃശൂരിലേക്ക് തിരികെ പോയിരുന്നു. തുടര്‍ന്ന് യുവതി വിഷാദത്തിലേക്ക് പോകുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.