
ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി ഋതു ജയനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഋതുവിന്റെ കസ്റ്റഡി നാളെ അവസാനിക്കാൻ ഇരിക്കെയാണ് ഇന്ന് പുലർച്ചെ തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം മുന്നിൽ കണ്ട് അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു. നേരത്തെ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ജനങ്ങൾ ഇയാളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. 19-ാം തീയതി ഋതുവിന്റെ വീട് ഒരു കൂട്ടം ജനങ്ങൾ ചേർന്ന് അടിച്ച് തകർത്തിരുന്നു. അതിനാൽ കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചിരുന്നു.ജനുവരി 16നാണ് ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസി ഋതു ജയൻ (28) വീട്ടിൽക്കയറി അടിച്ചുകൊന്നത്. വിനീഷയുടെ ഭർത്താവ് ജതിൻ ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അയൽക്കാരായ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നാലെ ഋതു വീട്ടിലെത്തി കമ്പിവടി കൊണ്ട് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ലഹരി ഉപയോഗിച്ചിരുന്നു എന്നും തുടക്കത്തിൽ റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പൊലീസ് നിഷേധിച്ചു. ജിതിനെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയപ്പോൾ മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. ജിതിൻ കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി പ്രതികരിച്ചതായാണ് വിവരം. കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലെന്നും ഋതു പൊലീസിന് മൊഴി നൽകി.