ദുബായ്: രണ്ട് മാസം മുമ്പ് ആരംഭിച്ച റാസല്‍ ഖൈമ തടി കുറയ്ക്കല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് ടാന്‍സാനിയന്‍ പൗരനായ പ്രവാസി. രണ്ട് മാസത്തിനുള്ളില്‍ 36.5 കിലോഗ്രാം കുറച്ചാണ് ഏറ്റവും വലിയ തടി കുറയ്ക്കല്‍ മത്സരമായ റാസല്‍ഖൈമ വെയ്റ്റ് ലോസ് ചലഞ്ച് 2023ല്‍ പ്രവാസി യുവാവ് ഒന്നാം സ്ഥാനവും 11,000 ദിര്‍ഹം ക്യാഷ് പ്രൈസും നേടിയത്. ജനുവരി 20ന് ആരംഭിച്ച റാസല്‍ ഖൈമ ഹോസ്പിറ്റലിന്റെ എട്ടാഴ്ച നീളുന്ന വാര്‍ഷിക മത്സരത്തില്‍ ഫിസിക്കല്‍ വിഭാഗം പുരുഷ വിഭാഗത്തിലാണ് 42കാരനായ താനി മുഹമ്മദ് അല്‍ഗഫ്രിയുടെ മികച്ച നേട്ടം.

റാസല്‍ഖൈമ ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് രാജ്യവ്യാപകമായി മല്‍സരത്തിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചത്. ഫിസിക്കല്‍, വെര്‍ച്വല്‍, കോര്‍പ്പറേറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിരുന്നു മല്‍സരം. റാസല്‍ ഖൈമ ഹോസ്പിറ്റലിന്റെ കണക്കനുസരിച്ച്, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മല്‍സരത്തില്‍ പങ്കെടുത്ത 10,000ത്തിലധികം വ്യക്തികളില്‍ 45 ശതമാനം റാസല്‍ഖൈമയില്‍ നിന്നാണ് വന്നത്.

ദുബായില്‍ നിന്ന് 25 ശതമാനവും ഷാര്‍ജയില്‍ നിന്ന് 13 ശതമാനവും അബുദാബിയില്‍ 12 ശതമാനവും മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള 5 ശതമാനവും മല്‍സരങ്ങളില്‍ പങ്കാളികളായി. 8 ആഴ്ച നീണ്ടുനിന്ന മത്സരത്തിലെ എല്ലാ വിജയികളും ചേര്‍ന്ന് 500 കിലോയില്‍ കൂടുതല്‍ ഭാരം കുറച്ചതായി സംഘാടകര്‍ അറിയിച്ചു. അവര്‍ മല്‍സരത്തില്‍ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചതോടെ ആരോഗ്യകരമായ ഒരു ജീവിതശൈലി ആസ്വദിക്കുന്നു എന്നതിലുപരി മികച്ച സമ്മാനങ്ങളാണ് അവര്‍ക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *