മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണം നടത്തിയത് ഐഎസ് ഖൊറാസന്‍ (ഐഎസ്-കെ) വിഭാഗം. സോഷ്യല്‍ മീഡിയ ചാനലിലൂടെ പങ്കുവച്ച പ്രസ്താവനയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുത്തത്. അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ് റഷ്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ് ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി.

അഫ്ഗാനിലെ മതമൗലിക തീവ്രവാദി സംഘടനകളില്‍ ഏറ്റവും അപകടകാരിയായ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശികരൂപമായ ഐഎസ് ഖൊറാസന്‍. കിഴക്കന്‍ അഫ്ഗാനിലെ ഖൊറാസന്‍ പ്രവിശ്യ ആസ്ഥാനമാക്കിയാണ് ഐഎസ് കെ പ്രവര്‍ത്തിക്കുന്നത്. ഇറാന്‍, തുര്‍ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശമാണിത്. 2014ല്‍ ആരംഭിച്ച ഈ ഭീകര സംഘടന കുപ്രസിദ്ധി നേടുന്നത് ക്രൂരമായ ആക്രമങ്ങളിലൂടെയാണ്.

റഷ്യയിലെ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണമുണ്ടായത്. 60പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞത്. 60 പേരുടെ നില ഗുരുതരമാണ്. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം തോക്കുമായി എത്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *