കേരളത്തിൽ ബിജെപിയെ നയിക്കാൻ‌ രാജീവ് ചന്ദ്രശേഖർ.അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി ബിജെപി നേതൃത്വം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും.

കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്ന ദേശീയ നേതൃത്വത്തിൻ്റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായത്. എല്ലാ വിഭാ​​ഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്. മാറ്റം ആ​ഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽയിരിക്കുന്ന പരിഗണന.

Leave a Reply

Your email address will not be published. Required fields are marked *