സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അധ്യാപിക അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. ‘ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല’ എന്ന് സി.പി.എമ്മുകാര്‍ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കല്‍ പാര്‍ട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക് എന്ന് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയില്‍ 24 മണിക്കൂറും പോലീസ് ബന്തവസ്സും സിപിഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് തന്നെ ആര്‍എസ്എസുകാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കില്‍ അതിനയാള്‍ക്ക് ധൈര്യം പകര്‍ന്നതാരാണ്? എന്നും വി ടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു

വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല’ എന്ന് സിപിഎമ്മുകാര്‍ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കല്‍ പാര്‍ട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക്. അവിടെയാണ് ആ പാര്‍ട്ടിയുടെ പരമോന്നത നേതാവ് കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയുടെ വീടിന്റെ വെറും 200 മീറ്റര്‍ മാത്രം അകലെ ഒരു സിപിഎമ്മുകാരനെ കൊന്ന കേസിലെ ആര്‍എസ്എസുകാരനായ പ്രതി ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞത്! പിണറായി വിജയന്റെ ഈ വീട് നോക്കിക്കാണാന്‍ പുറത്തുനിന്ന് രണ്ട് പാര്‍ട്ടി സഖാക്കള്‍ വന്നുവെന്നതിന്റെ പേരിലാണ് ഒരുകാലത്ത് സിപിഎമ്മില്‍ വലിയ വിഭാഗീയതയുണ്ടായതും അത് വളര്‍ന്ന് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വരെ എത്തിയതും എന്ന് കേരളത്തിന്റെ ഓര്‍മ്മയിലുണ്ട്.
മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയില്‍ 24 മണിക്കൂറും പോലീസ് ബന്തവസ്സും സിപിഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് തന്നെ ആര്‍എസ്എസുകാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കില്‍ അതിനയാള്‍ക്ക് ധൈര്യം പകര്‍ന്നതാരാണ്? ഒന്നുകില്‍ ഇരുവശത്തേയും ഉന്നത നേതാക്കള്‍ അറിഞ്ഞുകൊണ്ടുള്ള സിപിഎം- ആര്‍എസ്എസ് ബന്ധം, അല്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം ഗ്രൂപ്പ് വഴക്ക്. ആ നിലയിലേക്ക് കൂടി അന്വേഷണം വ്യാപിക്കണം.

Leave a Reply

Your email address will not be published. Required fields are marked *