ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയിട്ടും നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. മോദിക്കെതിരായ പരാതികളില്‍ ഡല്‍ഹി പൊലീസും കേസെടുത്തിട്ടില്ല. പരാതികള്‍ ലഭിച്ച കാര്യം സ്ഥിരീകരിക്കാന്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല.
അതിനിടെ മോദിക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സുപ്രീംകോടതിയില്‍ പരാതി നല്‍കി. വിദ്വേഷ പ്രസംഗത്തിനെതിരായ മറ്റു ഹരജികള്‍ക്കൊപ്പമാണ് ഇതും പരിഗണിക്കുക. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രിംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മോദിക്കെതിരെ കേസെടുക്കാത്തത് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.