കേരളത്തിൽ കടുത്ത ഉഷ്ണതരംഗ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുകയും സാധാരണയേക്കാൾ 4.5 ഡിഗ്രിയിലധികം താപനില ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി.

ചൂട് കടുക്കുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് കൊല്ലം, പാലക്കാട് ജില്ലകളിലും മറ്റ് ജില്ലകളിലും കവചം സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങി. ജനങ്ങൾക്ക് മുൻകരുതൽ നൽകുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. തീരദേശ സംസ്ഥാനമായതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന താപനിലയേക്കാൾ കൂടുതലായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

രണ്ട് ദിവസം തുടർച്ചയായി ഇത്തരം സാഹചര്യം നിലനിന്നാൽ മാത്രമേ കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗം സ്ഥിരീകരിക്കുകയുള്ളൂ. മുഴുവൻ ജില്ലകളിലും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *