കോട്ടയം: വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ ഭജന പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ മറുപടി നൽകിയത്.
പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തിൽ യേശുദേവൻ്റെ സ്തുതിയും പാടിയെന്നിരിക്കും. ക്ഷേത്രാങ്കണത്തിൽ നോമ്പ് തുറയും മസ്ജിദ് മുറ്റത്ത് അയ്യപ്പഭക്തർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കിയെന്നിരിക്കും സന്ദീപ് വാര്യർ പറഞ്ഞു.”റോസിക്ക് എൻ്റെ സ്വഭാവവും പ്രവർത്തികളും ഇഷ്ടമാവുന്നില്ലെങ്കിൽ ഈ വീട്ടിൽ നിന്ന് റോസി എങ്ങോട്ടെങ്കിലും പൊയ്ക്കോളൂ” എന്ന് സന്ദീപ് കുറിച്ചു.
കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ‘നന്ദഗോവിന്ദം ഭജൻസ്’ നടത്തിയ പരിപാടിക്കിടെ ‘ഈ പരദേവനഹോ’ എന്ന ക്രിസ്തീയ ഭക്തിഗാനം ആലപിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിമർശനവുമായി കെ.പി. ശശികല രംഗത്തെത്തി. “ചിക്കൻ മസാല നല്ലതാണ്, പക്ഷേ അത് പായസത്തിലിടരുത്” എന്നായിരുന്നു ശശികലയുടെ പരിഹാസം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തികളെന്നും അവർ കൂട്ടിച്ചേർത്തു.നന്ദഗോവിന്ദം ഭജൻസിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ, ആചാരലംഘനം ആരോപിച്ച് ഒരു വിഭാഗം വിമർശനവും ഉയർത്തുന്നുണ്ട്. എന്നാൽ തങ്ങൾ എന്നും ഉയർത്തിപ്പിടിക്കുന്നത് മാനവികതയാണെന്ന് ഭജൻസ് സംഘവും ക്ഷേത്രക്കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.
