മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐഎഎസിനെ നിയമിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്. സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ഒരാളെ, തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു.
ബംഗാളിൽ ചീഫ് ഇലക്ടറൽ ഓഫീസറെ ചീഫ് സെക്രട്ടറിയാക്കിയതിനെ രാഹുൽ ഗാന്ധി എതിർക്കുമ്പോൾ, കേരളത്തിൽ സമാനമായ നിയമനം നടത്തുന്നതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥൻ കൃത്യമായ ‘കൂളിംഗ് പിരീഡ്’ പാലിക്കാതെ സർക്കാരിന്റെ ഭാഗമാകുന്നത് ഗൗരവകരമായ പ്രശ്നമാണ്. ബംഗാളിലെ നിയമനത്തെ ‘കൊള്ളയുടെ പ്രതിഫലം’ എന്ന് വിളിക്കുന്ന കോൺഗ്രസ്, കേരളത്തിലെ ഈ നിയമനത്തെ എങ്ങനെ ന്യായീകരിക്കുമെന്ന് പി രാജീവ് ചോദിച്ചു.
ഇടത് അനുകൂല പ്രൊഫൈലുകൾക്കിടയിലും ഈ നിയമനം വലിയ ചർച്ചയായിട്ടുണ്ട്. യു.ഡി.എഫിനെ ജയിപ്പിക്കാൻ സഹായിച്ചതിനുള്ള ‘ഉപകാരസ്മരണ’യാണിതെന്നും, ബി.ജെ.പിയുമായുള്ള പുതിയ രാഷ്ട്രീയ ഡീലിന്റെ ഭാഗമാണിതെന്നും സമൂഹമാധ്യമങ്ങളിൽ ആരോപണമുയരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി.ജെ.പിയുടെ സീൽ കണ്ടതടക്കമുള്ള പഴയ വിവാദങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
