കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണം ആരംഭിച്ചു. ഹര്‍ഷിത അത്തല്ലൂരി വിസ്മയയുടെ വീട്ടിലെത്തി അച്ഛനും കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവമാണ്. അതിന് അതിന്റെ എല്ലാ ഗൗരവവും ഉണ്ട്. ശക്തമായ തെളിവുകള്‍ ഉള്ള കേസില്‍ പ്രതികക്ക് കനത്ത ശിക്ഷ തന്നെ വാങ്ങി നല്‍കാന്‍ അന്വേഷണത്തിലൂടെ കഴിയുമെന്നും ഹര്‍ഷിത അത്തല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു.

കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരഭങ്ങളെടുക്കും. ശക്തമായ തെളിവുകളുള്ള കേസാണ്. വലിയ ക്രൈം ആണ് നടന്നത്. പ്രതിക്ക് കനത്ത ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങള്‍ നല്‍കുമെന്നും ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു.

വിസ്മയയുടെ വീട്ടില്‍ വന്ന് ഭര്‍ത്താവ് കിരണ്‍ അതിക്രമം നടത്തിയ കേസ് പുനരന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ജനുവരിയില്‍ നടന്ന സംഭവത്തില്‍ പൊലീസ് ഇടപെട്ട് കിരണിനെ താക്കീത് ചെയ്യുകയും കേസ് ഒത്ത് തീര്‍പ്പ് ആക്കുകയും ആയിരുന്നു. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും പൊലീസിന് സംഭവിച്ചിട്ടില്ലെന്നും ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു, അന്ന് വിവാഹം കഴിഞ്ഞ് ആറ് മാസമായിരുന്നതേ ഉള്ളു. കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടെന്നാണ് വിസ്മയയും കുടുംബവും തീരുമാനിച്ചത്. അത് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചത്.

കേസ് ഏറ്റെടുത്ത അന്വേഷണ ഉദ്യോഗസ്ഥയോട് കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചിട്ടുണ്ടെന്നും ഇത് വരെയുള്ള പൊലീസ് നടപടിയില്‍ തൃപ്തിയുണ്ടെന്നും വിസ്മയയുടെ കുടുംബവും പ്രതികരിച്ചു. കിരണിന്റെ വീട്ടിലും അന്വേഷണ ഉദ്യോഗസ്ഥ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *