തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട കൊല്ലം പത്തനാപുരം കണ്ടയം ചരുവിള വീട്ടില്‍ നദീറമോളുടെ കുടുംബത്തിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ലിഫ്റ്റ് തകര്‍ന്ന് പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നദീറ മരണപ്പെട്ടത്. കൊല്ലം പത്താനാപുരം സ്വദേശിയായിരുന്നു നദീറയ്ക്ക് 22 വയസായിരുന്നു.

അപായ സൂചന അറിയിപ്പ് നല്‍കാതെ തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റ് തകര്‍ന്നാണ് യുവതിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. കഴിഞ്ഞ മാസം 15 നായിരുന്നു അപകടം. ക്യാന്‍സര്‍ ബാധിതയായ മാതാവിനെ പരിചരിക്കാന്‍ എത്തിയതായിരുന്നു നദീറ. ലിഫ്റ്റ് തകരാറിലായത് അറിയാതെ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. രണ്ട് നില താഴ്ചയിലേക്കാണ് നദീറ വീണത്. രണ്ട് മണിക്കൂറിന് ശേഷമാണ് നദീറയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഇതിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംഭവത്തെ തുടര്‍ന്ന് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ഇതിനിടെ ആര്‍സിസിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് നദീറ മരിക്കാന്‍ കാരണമായതെന്ന ആരോപണവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട വനിതാ കമ്മീഷന്‍ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്ന നദീറയുടെ കുടുംബത്തിന് ആര്‍സിസി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *