അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവധിച്ച് ഹൈക്കോടതി. വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 5 ലക്ഷം രൂപ കെട്ടി വെക്കണം, പ്രതികള്‍ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത് എന്നാണ് പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ഈ അപ്പീലില്‍ വിധി വരുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ജാമ്യം അനുവദിക്കണം എന്നാണ് പ്രതികളുടെ ആവശ്യം.

ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.

28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്. എന്നാല്‍, കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വ്വമായിരുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രതികള്‍ ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *