മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതിന് പോലീസ് പിടിയിലായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദിനും, നവീന്‍ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. വ്യവസ്ഥകളോടെയാണ് ജാമ്യമെങ്കിലും എന്താണ് ജാമ്യ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് എന്നത് സംബന്ധിച്ച് വിധി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.

വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളിമാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

മുഖ്യമന്ത്രിയുടെ പി.എയുടെ മൊഴിപ്രകാരം മാത്രമാണ് അറസ്റ്റെന്നായിരുന്നു പ്രതികള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. വിമാനത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെറിയ വിമാനമായതിനാല്‍ സിസിടിവി ഇല്ലെന്നായിരുന്നു ഡിജിപി കോടതിയെ അറിയിച്ചത്.

യൂത്ത്കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ ജില്ലാ സെക്രട്ടറിയും, സുജിത്ത് നാരായണന്‍ മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *