സാമ്പത്തിക ബാധ്യത ചൂണ്ടിക്കാണിച്ച് ലോക ചമ്പ്യാന്മാരായ അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചതിനെ തൊട്ട് പുറകെ അർജന്റീനയെ സൗഹൃദ മത്സരത്തിന് ക്ഷണിച്ച് കേരളം. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചതായി സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹിമാന്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അര്‍ജന്റീന അംബാസഡറെ സന്ദര്‍ശിച്ച് ഫുട്‌ബോള്‍ വികസനത്തിനായി അര്‍ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താല്‍പ്പര്യം അറിയിക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. അന്നും മെസ്സി അടക്കമുള്ള ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ജൂണ്‍ 12-നും 20-നും ഇടയില്‍ അര്‍ജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനുള്ള സ്ലോട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യന്‍ ടീമുകളുമായി ഈ സമയം സൗഹൃദ മത്സരം കളിക്കാനായിരുന്നു അര്‍ജന്റീനയ്ക്ക് താത്പര്യം. ഇതിനായി ഇന്ത്യയേയും ബംഗ്ലാദേശിനെയുമാണ് അവര്‍ തിരഞ്ഞെടുത്തത്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തലവന്‍ പാബ്ലോ ജാക്വിന്‍ ഡിയാസ്, ഇക്കാര്യം അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷനുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ കളത്തിലിറങ്ങുന്നതിനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത് വലിയ തുകയായിരുന്നു. ഇത് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ സൗഹൃദ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.