പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ തുടങ്ങും. പരീക്ഷ പേപ്പർ ചോർച്ച, ഓഹരി വില കുംഭകോണം തുടങ്ങിയ വിവാദങ്ങളില്‍ പാർലമെൻറ് പ്രക്ഷുബ്ദമാകാനാണ് സാധ്യത. ലോക്സഭ സ്പീക്കറെയും പ്രതിപക്ഷ നേതാവിനെയും കുറിച്ചുള്ള തീരുമാനം ഇന്നോ നാളെയോ വന്നേക്കും.പുതിയ കാഴ്ചകള്‍ തയ്യാറെടുക്കുകയാണ് പാർലമെന്‍റ്. കേവല ഭൂരിപക്ഷം ഇല്ലാത്ത ബിജെപി എൻഡിഎ ഘടകക്ഷികളുടെ പിന്തുണയോടെയാണ് മൂന്നാം തവണയും അധികാരത്തില്‍ എത്തിയിരിക്കുന്നത്.ഭരണം നേടാൻ കഴിയാതെ പോയ പ്രതിപക്ഷം പക്ഷെ ശക്തരായാണ് ഇത്തവണ പാർലമെന്‍റില്‍ തിരിച്ചെത്തിയിരിക്കുന്നത്. നാളെ തുടങ്ങുന്ന ലോക്സഭ സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാ‍ർലമെന്‍റ് സമ്മേളനത്തില്‍ എംപിമാർ ദില്ലിയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. തുടക്കം തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ലോക്സഭയില്‍ നോട്ടീസ് നല്‍കും.പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതും ഇന്ത്യ സഖ്യം സഭയില്‍ ഉന്നയിക്കും. എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ നിന്ന് അംഗങ്ങളായ ഇന്ത്യ സഖ്യ എംപിമാരും പിന്‍മാറും. അതേസമയം, ബുധനാഴ്ച സ്പീക്ക‌ർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സ്പീക്ക‍ർ സ്ഥാനാർത്ഥി ആരാകും എന്നതില്‍ ബിജെപി മൗനം പാലിക്കുകയാണ്. രാഹുല്‍ഗാന്ധി പ്രതിപക്ഷം നേതാവാകുന്നതിലും ഉടൻ തന്നെ തീരുമാനമുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *