കൊച്ചി: മാട്രിമോണിയൽ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും യുവാക്കളെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനവും ബിസിനസ് പങ്കാളിത്തവും നൽകി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയിൽ നിന്ന് മാത്രം പലപ്പോഴായി 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ശേഷം ബിസിനസ് പങ്കാളിയാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ കബളിപ്പിച്ചതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ ഓടക്കാലിയിലെ വീട്ടിൽ നിന്നാണ് പൊലീസ് സംഘം പൊക്കിയത്.

തട്ടിപ്പിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഈ വിവാഹിതയായ യുവതി ഉപയോഗിച്ചിരുന്നത്. സമാനമായ രീതിയിൽ കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷവും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷവും ഇവർ തട്ടിയെടുത്തിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലും ഇവർ സമാനമായ തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് വിവരമുണ്ട്. ആദ്യം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ചെറിയ തുകകൾ വാങ്ങുകയും, പിന്നീട് വിശ്വാസ്യത നേടി വലിയ തുകകൾ ആവശ്യപ്പെടുകയുമാണ് ഇവരുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *