ശബരിമല മേല്‍ശാന്തി നിയമനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ സാക്ഷര കേരളത്തിനു യോജിച്ചതല്ലെന്ന് ബിഡിജെഎസ്. ശബരിമലയിലെ പുതിയ മേല്‍ശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം തിരുത്തിയില്ലെങ്കില്‍ ബിഡിജെഎസ് പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ജാതിവ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്ത് ശബരിമല മേല്‍ശാന്തി നിയമനം നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്. ഇത് സാക്ഷര കേരളത്തിനു യോജിച്ചതല്ല,’ തുഷാര്‍ പറഞ്ഞു.ഈഴവനായ തന്ത്രി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ ശാന്തിയായിരിക്കുന്ന ബ്രഹ്മണനു മേല്‍ശാന്തിയായി നിയമനം ലഭിക്കുമ്പോള്‍ തന്നെ ആ പ്രതിഷ്ഠ നിര്‍വ്വഹിച്ച തന്ത്രി മുഖ്യനു പോലും ജാതിയുടെ പേരില്‍ ഈ മേല്‍ശാന്തി നിയമനത്തില്‍ അയിത്തം കല്പിക്കപ്പെടുന്നത് കടുത്ത വിരോധാഭസവും മനുഷ്യാവകാശ ലംഘനവുമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ദേവസ്വം ബോര്‍ഡിന്റെ അയിത്തം അവസാനിപ്പിക്കുക, തന്ത്ര- മന്ത്ര പൂജാവിധികള്‍ പഠിച്ച ഹിന്ദുക്കളെ ജാതിവിവേചനമില്ലാതെ മേല്‍ശാന്തിമാരായി നിയമിക്കുക, സാമൂഹ്യനീതി നടപ്പിലാക്കുക. – ബി ഡി ജെ എസ്സ് പ്രക്ഷോഭത്തിലേയ്ക്ക്.മഹാരഥന്മാരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ത്യാഗോജ്വല പ്രവര്‍ത്തനങ്ങളിലൂടെ, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നവോത്ഥാനം നടപ്പിലാക്കിയ കേരളത്തിന്റെ മണ്ണില്‍ ഈ കാലഘട്ടത്തിലും ജാതിയുടെ പേരില്‍, പരമ്പരാഗത രീതിയില്‍ തന്ത്ര – മന്ത്ര വിദ്യ സ്വായത്തമാക്കിയവരെ പുറത്തു നിര്‍ത്തി ഹിന്ദു സമൂഹത്തിലെ ജാതി വിവേചനത്തിനു വെള്ളവും വളവും നല്കുന്ന കാഴ്ചയാണ് ‘ശബരിമല മേല്‍ശാന്തി’ നിയമനത്തിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാണിച്ചു കൊണ്ടിരിക്കുന്നത്. ഇത് സാക്ഷര കേരളത്തിനു യോജിച്ചതല്ല.
രണ്ടാം ഊഴത്തില്‍ ദേവസ്വം വകുപ്പ് മന്ത്രിയായി ഒരു ദളിതനെ നിയമിച്ചതില്‍ അഭിമാനം കൊള്ളുകയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും അത് നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണ് എന്നും പ്രഖ്യാപിക്കുകയും ചെയ്ത സര്‍ക്കാരിന്, വെറും നിക്ഷ്പ്രയാസം നിര്‍ത്തലാക്കാവുന്ന മേല്‍ശാന്തി നിയമനത്തിലെ ഈ സാമൂഹ്യ നീതി നിഷേധത്തിനെതിരെ കണ്ണടയ്ക്കുന്ന കാഴ്ച്ച തികച്ചും പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള തികഞ്ഞ അവഗണയാണ്. ഈ നീതി നിക്ഷേധത്തിനെതിരെ ബി ഡി ജെ എസ്സ് പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുകയാണ്. 2021 ജൂലൈ 23 ന് രാവിലെ 11 നു തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കപ്പെടും.
ഭരണഘടനാ വിരുദ്ധമായ ജാതിവ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്ത് ശബരിമല മേല്‍ശാന്തി നിയമനം നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പരിപാവനമായ ശിവഗിരി മഠത്തിന്റെ യോഗ്യത- പരിചയ സമ്പന്ന സര്‍ട്ടിഫിക്കറ്റിനെ വരെ അപമാനിക്കുന്ന കാഴ്ചയ്ക്കാണ് ആനുകാലിക കേരളം സാക്ഷ്യം വഹിക്കുന്നത്, ബ്രാഹ്മണനല്ലെന്നതിന്റെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരസ്കരിക്കുന്ന അപേക്ഷകളില്‍ ശിവഗിരി മഠത്തിന്റെ വിവിധ ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങളായി ശാന്തി ജോലി നിര്‍വ്വഹിച്ചു വരുന്നു നിരവധി പേരുണ്ട്, ഈഴവനായ തന്ത്രി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ ശാന്തിയായിരിക്കുന്ന ബ്രഹ്മണനു മേല്‍ശാന്തിയായി നിയമനം ലഭിക്കുമ്പോള്‍ തന്നെ ആ പ്രതിഷ്ഠ നിര്‍വ്വഹിച്ച തന്ത്രി മുഖ്യനു പോലും ജാതിയുടെ പേരില്‍ ഈ മേല്‍ശാന്തി നിയമനത്തില്‍ അയിത്തം കല്പിക്കപ്പെടുന്നത് കടുത്ത വിരോധാഭസവും മനുഷ്യാവകാശ ലംഘനവുമാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എതിര് കക്ഷിയായ കേസില്‍ ശാന്തി നിയമനത്തില്‍ ജാതിവിവേചനം പാടില്ലെന്ന് 2002ല്‍ സുപ്രീംകോടതി വിധിയുണ്ട് , അന്ന് ജാതിവിവേചനത്തിനെതിരെ സുപ്രീംകോടതിയില്‍ വാദിച്ച ദേവസ്വം ബോര്‍ഡ് തന്നെയാണ് ഇപ്പോള്‍ കടകവിരുദ്ധമായ നിലപാടെടുക്കുന്നത്. ദേവസ്വങ്ങളിലെ നിയമനങ്ങളില്‍ ജാതിപരിഗണന പാടില്ലെന്ന് കേരള സര്‍ക്കാരും 2014ല്‍ ഉത്തരവിറക്കിയിട്ടുണ്ട്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന നിയമനങ്ങളില്‍ ജാതി ഒരു വ്യവസ്ഥയല്ല. എന്നിട്ടും ഒരു വര്‍ഷത്തെ താത്കാലിക നിയമനമെന്ന പേരില്‍ ഈ സമ്പ്രദായം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇത് തികച്ചും പ്രതിഷേധാര്‍ഹം തന്നെയാണ്.
ഇതേ വിഷയത്തില്‍ 2017ല്‍ കോട്ടയം പള്ളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേല്‍ശാന്തി വിഷ്ണുനാരായണന്‍ നല്കി?യ കേസി?ല്‍ മലയാള ബ്രാഹ്മണന് ജാതിയല്ല, വര്‍ഗമാണെന്ന വിചിത്രമായ വാദമാണ് ദേവസ്വം ബോര്‍ഡ് ഉയര്‍ത്തിയത്. മലയാള ബ്രാഹ്മണനെന്ന പേരില്‍ സര്‍ക്കാര്‍ അംഗീകൃതമായ ജാതിവിഭാഗവും കേരളത്തിലില്ല. ദേവസ്വം ബോര്‍ഡിന്റെ അനാചാരത്തിന് ഇടതു സര്‍ക്കാരും മൗനാനുവാദം നല്‍കുകയാണ്.
ജാതി – മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ ഇല്ലാത്ത അയ്യപ്പ സ്വാമിക്ക് പൂജ ചെയ്യുന്നവന് വിദ്യ പഠിച്ചവനെ അംഗീകരിക്കുക തന്നെ വേണം, യോഗ്യരായ അനവധി പേരെ പുറത്തു നിര്‍ത്തിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ അന്യായം തുടരുന്നത്.
മേല്‍ശാന്തി നിയമനത്തിലെ ജാതി വിവേചനം ഇല്ലാതാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കില്‍ ഇതിനെതിരെ ഭാരത ധര്‍മ്മ ജന സേനയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും. അതോടൊപ്പം ഈ വിഷയത്തില്‍ സമാന മനസ്കരായ സംഘടനകളെ ചേര്‍ത്ത് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്കുവാന് ബി ഡി ജെഎസ്. മുന്നിലുണ്ടാവും
