കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ പ്രതിപക്ഷ ഭരണപക്ഷ ബഹളം. കരിവന്നൂരിൽ ഉണ്ടായിരിക്കുന്നത് നെറ്റ്ഫ്ലിക്സ് സീരിസുകളെ വെല്ലുന്ന തട്ടിപ്പാണെന്നും പിന്നിൽ സി.പി.എമ്മാണെന്നും ഷാഫി പറമ്പിൽ എം.എൽ.എ നിയമസഭയിൽ ആരോപിച്ചു.കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബാങ്ക് കൊള്ളയ്ക്കാണ് സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതി കരിവന്നൂരിൽ നേതൃത്വം നൽകിയിരിക്കുന്നത്. രണ്ടര ജില്ലയിൽ മാത്രം പ്രവർത്തിക്കേണ്ടതായിരുന്നു ബാങ്ക്. എന്നാൽ തിരുവനന്തപുരം മുതൽ വയനാട് വരെ വായ്പ നൽകി. തട്ടിപ്പ് അറിഞ്ഞിട്ടും സി.പി.എം. പൂഴ്ത്തിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സിപിഎം കൂട്ടുനിന്നാണ് സാധാരണക്കാര്‍ക്ക് 100 കോടിയുടെ ബാധ്യത ഉണ്ടാക്കിയത്. ബാങ്കുമായി ബന്ധപ്പെട്ട കുറിയുടെ നറുക്കെടുപ്പിന്റെ മറവില്‍ തട്ടിപ്പ്, ബിനാമി ഇടപാടില്‍ തട്ടിപ്പ് എല്ലാം പണവും പോയത് സി പിഐ എം നേതാക്കളുടെ അക്കൗണ്ടുകളിലേക്കാണ്. നറുക്കെടുപ്പിന്റെ 80 ശതമാനം വായ്പ എടുത്താണ് തട്ടിപ്പ്. ഒരാള്‍ക്ക് 26 കോടിയും മറ്റൊരാള്‍ക്ക് 23 കോടിയും ഉള്‍പ്പെടെ 379 അനധികൃത വായ്പയാണ് ബാങ്കില്‍ നിന്നും നല്‍കിയത്.

കേട്ടുകേൾവി ഇല്ലാത്ത തരത്തിലാണ് ഇത്. ലോക്ക് ഡൗൺ കാലത്ത് ആളുകൾ വീടുകളിലിരിക്കുമ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെല്ലാം സീരിസുകളാണ് കാണുന്നത്. ഹെയ്സ്റ്റ് സീരിസുകൾക്കാണ് ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത്. അതിനെ നാണം കെടുത്തുന്ന തരത്തിലുള്ള തട്ടിപ്പിന്റെ പരമ്പരയാണ് കരുവന്നൂരിൽ സി.പി.എം. നേതൃത്വത്തിന്റെ അറിവോടെ നടന്നിരിക്കുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

ക്രമക്കേട് ചൂണ്ടിക്കാട്ടിയ സിപിഐഎം പ്രവര്‍ത്തകരെ പോലൂം ബാങ്കില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എല്ലാ തട്ടിപ്പ് കേസിലെയും ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ ഹോള്‍ സെയിലായി വക്കാലത്ത് എടുക്കുന്ന നിലയാണ്. സഹകരണ മേലയെ തകര്‍ക്കാന്‍ കോപ്പ് കൂട്ടുന്നവര്‍ക്ക് അതിനവസരം നല്‍കരുത് എന്നും ഷാഫി പറമ്പില്‍ അടിയന്തിര പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഒരുപാട് ക്രമക്കേട് നടന്നെന്ന് സഹകരണ മന്ത്രി വിന്‍ വാസവന്‍ വ്യക്തമാക്കി. നിക്ഷേപകന്റെ ആത്മഹത്യയില്‍ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം നടത്തും. കരിവന്നൂര്‍ സഹകരണ ബാങ്കിന് അഞ്ച് ശാഖകളും, 3 സൂപ്പര്‍ മാര്‍ക്കറ്റുകളുമുണ്ട്. ക്രമക്കേട് നടത്തിയ ഒരാളെയും രക്ഷപ്പെട്ടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *