തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യാനും പരാതിക്കാരായ എല്ലാ വിദ്യാർത്ഥികളുടെയും മൊഴി രേഖപ്പെടുത്താനും തീരുമാനിച്ച് പോലീസ്. കേസിലെ പ്രതിയായ പാലക്കാട് സ്വദേശിയും മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുമായ ആബേലിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

തുടക്കത്തിൽ ഒന്നോ രണ്ടോ പേരുടെ പരാതിയിൽ മാത്രം കേസെടുത്ത് പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധിച്ച് കൂടുതൽ വിദ്യാർത്ഥികളാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി രാത്രി വൈകിയും ശക്തമായ പ്രതിഷേധം നടത്തിയത്.

പതിമൂന്നോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.

ഇതിനിടെ പരാതി നൽകാൻ സ്റ്റേഷനിൽ കയറിയ വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പോലീസ് പകർത്തി. ഇതോടെ സമരം കൂടുതൽ രൂക്ഷമായി. ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയപ്പോൾ ഉൾപ്പെട്ടതാണെന്ന് വിശദീകരിച്ച പോലീസ്, വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതോടെയാണ് രംഗം ശാന്തമായത്.

വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് അനുനയ നീക്കത്തിലേക്ക് കടക്കുകയും കൂടുതൽ പരാതികളിൽ കേസെടുക്കാൻ തയ്യാറാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. വരുംദിവസങ്ങളിൽ പോലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *