ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടാലുടന്‍ കലാപത്തിന് ഒരുങ്ങണമെന്ന ആര്‍ സി ബ്രിഗേഡ് വാട്‌സ് ആപ്പ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണെന്ന് സൂചന. അഡ്മിന്‍മാരായ ഹബീബ് ഖാന്‍, അഡ്വ. ഫവാജ് പാത്തൂര്‍, സുബോധ് തുടങ്ങിയവര്‍ ചെന്നിത്തലയുടെ വിശ്വസ്ഥരാണ്. ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തല നിശബ്ദ സാന്നിധ്യമായി ഗ്രൂപ്പിലുണ്ട്. അന്‍വര്‍ സാദത്ത് എംഎല്‍എയും സജീവ കോണ്‍ഗ്രസ് നേതാക്കളും ഗ്രൂപ്പിലെ അംഗങ്ങളാണ്.

അതേസമയം, തന്റെ അറിവോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണ്. ആര്‍ സി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമായി തനിക്കോ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്നും ചെന്നിത്തല അറിയിച്ചു.

This image has an empty alt attribute; its file name is 26096-ramesh-chennithala-1.webp

രമേശ് ചെന്നിത്തലയുടെ സോഷ്യല്‍ മീഡിയ പ്രചരണത്തിനായുള്ള ഗ്രൂപ്പിലെ ചര്‍ച്ചകളാണ് ഇന്ന് പുറത്തുവന്നത്. ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തുവന്നാലുടന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചരണം കടുപ്പിക്കണമെന്നും ഗ്രൂപ്പില്‍ പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ് ആകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സുകാരെ ഇളക്കിവിടണം, രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം, ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ജോയിന്റ് അറ്റാക്ക് നല്‍കണം, ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം, പുതിയ ലിസ്റ്റിനെതിരെ ഗ്രൂപ്പിനതീതമായി പ്രതിഷേധം ഉണ്ടാക്കണം തുടങ്ങിയവയൊക്കെയാണ് ആര്‍സി ബ്രിഗേഡിലെ ചര്‍ച്ചകളും പരാമര്‍ശങ്ങളും.

നിലവില്‍ പുറത്തുവന്നിട്ടുള്ള സൂചനാ പട്ടികകളില്‍ ചില ജില്ലകളില്‍ നിന്ന് ഒന്നിലധികം പേരെ പരിഗണിക്കുന്നുണ്ട്. ഇത് ഒഴിവാക്കി ഒറ്റപ്പേരിലേക്ക് ചുരുക്കാനാണ് നേതാക്കള്‍ക്ക് താല്‍പ്പര്യം. ഇതില്‍ കെ. സുധാകരന്റെ തീരുമാനം നിര്‍ണായകമായിരിക്കും. സാമൂദായിക സമവാക്യങ്ങള്‍ കൂടെ പരിഗണിച്ചാവും ലിസ്റ്റ് നിര്‍മ്മിക്കുക.

നേരത്തെ സുധാകരന്റെ ബന്ധു ഡിസിസി അന്തിമ പട്ടിക പുറത്തുവിട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. കെ സുധാകരന്റെ സഹോദരി പുത്രന്‍ അജിത്താണ് ഈ പട്ടിക ഫൈനല്‍ ലിസ്റ്റ് എന്ന പേരില്‍ കെ എസ് ബ്രിഗേഡെന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. പുറത്തുവന്ന പട്ടിക ഇങ്ങനെ: ”തിരുവനന്തപുരം: ജി.എസ്.ബാബു, ആലപ്പുഴ: ബാബുപ്രസാദ്, കോട്ടയം: സുരേഷ്, ഇടുക്കി: സിപി മാത്യു, വയനാട്: കെ.കെ എബ്രഹാം, കാസര്‍കോട്: ഖാദര്‍ മങ്ങാട്, തൃശൂര്‍: ജോസ്, പത്തനംതിട്ട: സതീഷ്, മലപ്പുറം: വി.എസ്. ജോയ്, കോഴിക്കോട്: പ്രവീണ്‍ കുമാര്‍, എറണാകുളം: ഷിയാസ്, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, പാലക്കാട്: തങ്കപ്പന്‍, കൊല്ലം: തീരുമാനമായില്ല.”

എന്നാല്‍ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരില്ലെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *