എ.സി. മൊയ്തീനെതിരെ ആരോപണം കടുപ്പിച്ച് വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര.അനിൽ സേഠും സതീശും എസി മൊയ്തീന്റെ ബിനാമികളാണെന്നും, ഇവരുടെ സഹായത്തോടെ കരുവന്നൂരിലെ സഹകരണ ബാങ്കിൽ നിന്ന് 29 കോടിയുടെ കൊള്ള എസി മൊയ്തീൻ നടത്തിയെന്നും അനിൽ അക്കര കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സഹകരണമന്ത്രി തന്റെ ബിനാമികളെ വെച്ച് ബാങ്ക് കൊള്ളയടിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ രാജ്യത്തെ നിയമസംവിധാനം എങ്ങനെ എത്തിനില്‍ക്കുന്നു എന്ന് ആലോചിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ മൗനസമ്മതമില്ലാതെ ഇതൊന്നും നടക്കില്ല. മൊയ്തീന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മകള്‍ക്കെതിരെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ അവര്‍ ജോലി രാജിവെച്ചുപോയി. ആയുര്‍വേദ ആശുപത്രിയില്‍ സ്പോര്‍ട്സ് ഡോക്ടറായി അവരെ നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചപ്പോള്‍ അവര്‍ രാജിവെച്ചുപോവുകയായിരുന്നു. എല്ലാ വിഷയത്തിലും സ്വജനപക്ഷപാതം നടത്തിയ മന്ത്രിയാണ് എ.സി. മൊയ്തീന്‍. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫ്ളാറ്റ് വടക്കാഞ്ചേരിയിലേക്ക് വന്നതിന്റെ ചിത്രവും നേരത്തെ പറഞ്ഞതാണ്. അന്ന് രണ്ടുകോടി രൂപയുടെ ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയത്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ആ മണി പാര്‍ക്ക് ചെയ്തിരിക്കുന്നത് സതീശന്റേയും അനില്‍ സേഠിന്റേയും ഇടങ്ങളിലാണെന്ന് അദ്ദേഹം ആരോപിച്ചു.
എ.സി.മൊയ്തീന് എംഎൽഎ സ്ഥാനത്ത് തുടരാൻ യാതൊരു അവകാശവുമില്ല. അനിൽ കുമാർ, സതീശ്, മച്ചാട് പരസ്പര സഹായ സഹകരണ സംഘം എന്നിവിടങ്ങളിലായുള്ള മൊയ്തീന്റെ നിക്ഷേപം ദുരൂഹമാണ്. ഇത് വീണാ വിജയന്റെ കേസു പോലെ തന്നെയാണ്. ഭർത്താവായ മുഹമ്മദ് റിയാസിന്റെ സത്യവാങ്‌‍മൂലത്തിൽ ഒരിടത്തും വീണയുടെ വരുമാനം വ്യക്തമാക്കുന്നില്ല. സമാനമാണ് ഇവിടുത്തെ കേസും.’ – അനിൽ അക്കര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *