സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാകാൻ ഉന്നതതലയോഗം ഇന്ന് നടക്കും. ആരോഗ്യ – വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ ഉൾപ്പടെ പങ്കെടുക്കുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്ന് വൈകുന്നേരമാണ് യോഗം.
നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോൾ ഒരേ സമയം എത്ര കുട്ടികളെ വരെ ക്ലാസ്സുകളിൽ പ്രവേശിപ്പിക്കണം, ഒരു ബെഞ്ചിൽ എത്ര വിദ്യാർത്ഥികൾ ആകാം തുടങ്ങിയ കാര്യങ്ങളാകും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുക. ചർച്ചയിൽ ഉയർന്നു വരുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറും. സർക്കാർ തീരുമാനം അനുസരിച്ചായിരിക്കും തുടർ നടപടി.
വിദ്യാര്‍ത്ഥികളുടെ സുരക്ഷാ ക്രമീകരണം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖകള്‍ തയ്യാറാക്കുകയാണ് വിദ്യാഭ്യാസ-ആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള യോഗത്തിന്റെ പ്രധാന ലക്ഷ്യം. നവംബര്‍ ഒന്ന് മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകള്‍. പ്രൈമറി തലം മുതല്‍ എത്ര സമയം ക്ലാസ് വേണം, ഷിഫ്റ്റുകള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകൾക്ക് എല്ലാം ബാധകമാകുന്ന പൊതുമാർഗരേഖ ആയിരിക്കും തയ്യാറാക്കുക. വലിയ ക്ലാസ്സുകളിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിലും ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിലും വ്യത്യാസം കൊണ്ടുവരാനാണ് സാധ്യത.