സസ്‌പെന്‍ഡ് ചെയ്ത ലോട്ടറി ഏജന്റിന്റെ ഭാര്യയായതുകൊണ്ട് വിജയിക്ക് സമ്മാന തുക നിരസിക്കാനാവില്ലെന്ന് കോടതി. വിന്‍വിന്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയിച്ച സ്ത്രീക്ക് ഒന്നാം സമ്മാനമായ 40.95 ലക്ഷം രൂപ നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് കോടതി അറിയിച്ചത് .

ലോട്ടറി ബിസിനസില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഏജന്റിന്റെ ഭാര്യയാണെന്ന് കാണിച്ചായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിന്‍വിന്‍ ലോട്ടറി വിജയിക്ക് സമ്മാനാര്‍ഹമായ തുക നിഷേധിച്ചത്.

ലോട്ടറിവകുപ്പിന്റെ വാദങ്ങള്‍ ചോദ്യങ്ങള്‍ ചെയ്ത് പി. ഷിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2015ലാണ് ലോട്ടറി വകുപ്പ് ഫലം പ്രഖ്യാപിച്ചത്. അന്ന് പരാതിക്കാരിയുടെ ടിക്കറ്റ് സമ്മാനാര്‍ഹമായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ലോട്ടറി വകുപ്പിന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ മഞ്ജു ലോട്ടറീസ് ഏജന്റിന്റെ ലൈസന്‍സ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഈ കമ്പനിയുടെ പാര്‍ട്ണറാണെന്ന കാരണത്താലാണ് മഞ്ജു ലോട്ടറി ഉടമ മുരളീധരന്റെ ഭാര്യ ഷിതയ്ക്കുള്ള സമ്മാനം ലോട്ടറി വകുപ്പ് തടഞ്ഞത്.ലോട്ടറി ഏജന്റിനെതിരെ കേസുണ്ടെങ്കിലും ഭാര്യയ്ക്ക് സമ്മാനം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സമ്മാനത്തുക കൈമാറാന്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *