ഷിരൂരിലെ ഗംഗാവാലി പുഴയില്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന് വേണ്ട പിന്തുണയുമായി ഫൈന്‍ഡ് അര്‍ജുന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഷിരൂരിലെത്തി. ട്രക്കിന്റെ ക്യാബിന്‍ വരെയെങ്കിലും അന്വേഷണമെത്തി അര്‍ജുനെ കണ്ടെത്തുന്നതു വരെ തിരച്ചില്‍ ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടു പോകണമെന്ന ആവശ്യവുമായി എം എല്‍ എ സതീഷ് സെയിന്‍, ജില്ല കളക്ടര്‍ എന്നിവരെ ഭാരവാഹികള്‍ കാണും. തിരച്ചില്‍ ഏകോപിപ്പിക്കുന്ന സംസ്ഥാന ഭരണകൂടത്തെ സഹായിക്കാന്‍ കമ്മിറ്റി കണ്ടെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സേവനം കൂടി ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും എം എല്‍ എക്കും കളക്ടര്‍ക്കും മുമ്പാകെ സമര്‍പ്പിക്കും. കമ്മിറ്റി പ്രതിനിധി എന്ന മട്ടില്‍ ചിലര്‍ കമ്മിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെ മാധ്യമങ്ങള്‍ വഴി നടത്തുന്ന അവകാശവാദങ്ങളെ ഭാരവാഹികള്‍ തള്ളിക്കളഞ്ഞു. കണ്‍വീനര്‍ നൗഷാദ് തെക്കയില്‍, വൈസ് ചെയര്‍മാന്‍ സുരേഷ് പാളയം, ജോ കണ്‍വീനര്‍മാരായ വിനോദ് മേക്കോത്ത്,
മുഹമ്മദാലി താമരശ്ശേരി, സക്കീര്‍ ചെലവൂര്‍ എന്നിവരാണ് ഷിരൂരിലെത്തിയത്.