ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന മുഴുവന്‍ നിര്‍മ്മാണ പ്രവൃത്തികളും 2025 മാര്‍ച്ച് 9നകം പൂര്‍ത്തീകരിക്കണമെന്ന് നിര്‍വ്വഹണ ഏജന്‍സിയായ കിറ്റ് കോയ്ക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി ഇടുക്കി മെഡിക്കല്‍ മെഡിക്കല്‍ കോളേജ് അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി, ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. ഇടുക്കി മെഡിക്കല്‍ കോളേജിന് മാത്രമായി കാര്‍ഡിയാക് വിഭാഗം ഉള്‍പ്പെടെ 51 ഡോക്ടര്‍ തസ്തികളാണ് അനുവദിച്ചിട്ടുള്ളത്. ലക്ചര്‍ ഹാള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാട്ടേഴ്‌സ് എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട് . ഇനിയും പ്രവൃത്തികള്‍ തീര്‍ക്കാനുള്ളവ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.
പുതുതായി അനുവദിക്കപ്പെട്ട അമ്പത് ഏക്കര്‍ സ്ഥലം ഉപയോഗപ്പെട്ടത്തുന്നതിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. സാധ്യമായ എല്ലാ പരിഗണനയും ഇടുക്കി മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സര്‍ക്കാറിനുണ്ട്. കാത്ത് ലാബ് സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
പാറേമാവ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡി എം ഇ ഡോ. തോമസ് മാത്യു, ഡി എം ഒ ഡോ. എല്‍ മനോജ്, മെഡിക്കല്‍ കോളേജ് പ്രന്‍സിപ്പല്‍ ഡോ. ടോമി മാപ്പലകയില്‍ , ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗ്ഗീസ്, കിറ്റ് കോ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
